football news
റാമോസും, മോഡ്രിച്ചുമല്ല അൽ നസറിന് റൊണാൾഡോക്ക് കൂട്ടായി വേണ്ടത് മറ്റൊരു മുൻ റയൽ താരത്തെ; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 17, 03:16 am
Tuesday, 17th January 2023, 8:46 am

ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതിന് പിന്നാലെ കൂടുതൽ താരങ്ങളെ യൂറോപ്പിൽ നിന്നും സൗദി പ്രോ ലീഗിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അൽ നസറും മറ്റ് പ്രമുഖ പ്രോ ലീഗ് ക്ലബ്ബുകളും.

റൊണാൾഡോയെ ക്ലബ്ബിലെത്തിച്ചതിന് പിന്നാലെ മുൻ റയൽ താരവും ഇപ്പോൾ പി. എസ്.ജിയുടെ പ്ലെയറുമായ സെർജിയോ റാമോസ്, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ അൽ നസർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെ പി.എസ്.ജിയുമായി കരാർ അവസാനിക്കാനിരിക്കുന്ന മെസിയെ ടീമിലെത്തിക്കാൻ അൽ നസറിന്റെ ചിര വൈരികളായ അൽ ഹിലാൽ ക്ലബ്ബ് ശ്രമിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ പി.എസ്.ജി താരമായ മുൻ റയൽ മാഡ്രിഡ്‌ ഗോൾകീപ്പറും റൊണാൾഡോയുടെ സഹതാരവുമായിരുന്ന കെയ്ലർ നവാസിനെ അൽ നസറിലേക്ക് എത്തിക്കാൻ ക്ലബ്ബിന് താല്പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ ആഴ്ചയോടെ പൂർത്തിയാക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പ്രമുഖ സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയിലേക്ക് താരം പോകുമെന്ന വാർത്തകൾ മുമ്പ് പുറത്ത് വന്നെങ്കിലും അത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ നവാസിനെ ടീമിലെത്തിക്കാൻ അൽ നസർ കരുക്കൾ നീക്കുന്നുണ്ടെന്നാണ് മാർക്കയുടെ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ 2024 വരെ നവാസിന് പി.എസ്.ജിയിൽ കരാറുണ്ട്. താരത്തിന്റെ റിലീസ് ക്ലോസ് തുകയെത്രയെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം സൗദി പ്രോ ലീഗിൽ 13 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ.

ജനുവരി 22ന് ഇത്തിഫാക്കുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം. എന്നാൽ ക്ലബ്ബിൽ സൈൻ ചെയ്തെങ്കിലും റൊണാൾഡോ ഇതുവരെ അൽ നസറിനായി അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല. ജനുവരി 19ന് സൗദി ഓൾ സ്റ്റാർസ് ഇലവനുമായി നടക്കുന്ന പി.എസ്.ജിയുടെ മത്സരത്തിലാണ് താരം സൗദി മണ്ണിൽ ആദ്യമായി കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Content Highlights:not in Ramosand Modric, but Al Nasser needs another ex-Real player alongside Ronaldo; Report