Football
മെസിയൊന്നുമല്ല, ഫുട്ബോളിലെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: പ്രസ്താവനയുമായി ചെൽസി താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 11, 11:54 am
Wednesday, 11th September 2024, 5:24 pm

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചെല്‍സിയുടെ ഇംഗ്ലണ്ട് താരം നോനി മഡുകെ.

ഫുട്‌ബോളിലെ തന്റെ പ്രിയപ്പെട്ട താരമായി മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയാണ് തെരഞ്ഞെടുത്തത്. ബി.ബി.സി സ്‌പോര്‍ട്ടിന് നല്‍കിയ ആഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെല്‍സി താരം.

നിലവില്‍ റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍. ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. സ്‌കോട്‌ലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു.

അതേസമയം ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് സൗദി വമ്പന്മാരായ അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും സമനിലയുമായി നാലു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍.

അല്‍ റെയ്ദിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അല്‍ ഫെയ്ഹയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസര്‍ തിരിച്ചുവന്നത്.

സൗദി ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസറിന്റെ മത്സരമുള്ളത്. അല്‍ അഹ്‍ലി സൗദിക്കെതിരെയാണ് ലൂയിസ് കാസ്‌ട്രോയും കൂട്ടരും കളിക്കുക. അല്‍ അഹ്‍ലിയുടെ തട്ടകമായ അല്‍ അവാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Noni Madueke Talks About Cristaino Ronaldo