ഒരു ഭാഗത്ത് ഡബിള്‍ സെഞ്ച്വറികൾ കൊണ്ട് ആറാടിയവര്‍, മറുഭാഗത്ത് സെഞ്ച്വറികള്‍ കൊണ്ട് സമ്പന്നനും; ആരാവും ഫെബ്രുവരിയിലെ മികച്ച താരം?
Cricket
ഒരു ഭാഗത്ത് ഡബിള്‍ സെഞ്ച്വറികൾ കൊണ്ട് ആറാടിയവര്‍, മറുഭാഗത്ത് സെഞ്ച്വറികള്‍ കൊണ്ട് സമ്പന്നനും; ആരാവും ഫെബ്രുവരിയിലെ മികച്ച താരം?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 2:55 pm

ഫെബ്രുവരി മാസത്തിലെ ബെസ്റ്റ് മെന്‍സ് പ്ലയെര്‍ അവാര്‍ഡിനുള്ള നോമിനീസ് ഐ.സി.സി പുറത്തുവിട്ടു. ഇന്ത്യന്‍ യുവതാരം യശ്വസി ജെയ്സ്വാള്‍, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ശ്രീലങ്കന്‍ താരം പാത്തും നിസങ്ക എന്നിവരാണ് നോമിനേഷനിൽ ഇടം നേടിയ ആദ്യ മൂന്ന് താരങ്ങള്‍.

ഒരു മാസത്തില്‍ മൂന്നു താരങ്ങളും മിന്നും പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനമാണ് യശ്വസി ജെയ്സ്വാള്‍ നടത്തിയത്.

ഇംഗ്ലണ്ടിനെതിരെയുള്ള കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ജെയ്‌സ്വാള്‍ രണ്ട് ഡബിള്‍ സെഞ്ചറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കം 651 റണ്‍സാണ് നേടിയത്. പരമ്പര ഒരു മത്സരം ബാക്കി നില്‍ക്കേ തന്നെ 3-1ന് സ്വന്തമാക്കാനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

ഫെബ്രുവരി മാസത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച മറ്റൊരു താരം കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലായിരുന്നു കിവീസ് നായകന്റെ തകര്‍പ്പന്‍ പ്രകടനം.

ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം ആയിരുന്നു കെയ്ന്‍ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 118 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 109 റണ്‍സും നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. രണ്ടാം മത്സരത്തിലും വില്യംസണ്‍ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ പുറത്താവാതെ 133 റണ്‍സും കെയ്ന്‍ നേടി.

ശ്രീലങ്കന്‍ താരം പാത്തും നിസങ്കയാണ് നോമിനേഷനിൽ ഇടം നേടിയ മറ്റൊരു താരം.. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനമാണ് നിസങ്ക നടത്തിയത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ 139 പന്തില്‍ 210 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 20 ഫോറുകളും എട്ട് കൂറ്റുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരമാരാവുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.

Content Highlight: Nominees for ICC Men’s Player of the Month award in February