ഇതിഹാസ താരം സിനദിൻ സിദാനെ അപമാനിച്ച സംഭവത്തിൽ ഫ്രഞ്ച് ഫുട്ബോൾ പ്രസിഡൻറ് നോയൽ ലെ ഗ്രാറ്റ് മാപ്പ് പറഞ്ഞു. ലാ ഗ്രാറ്റിൻറെ പ്രസ്താവനക്കെതിരെ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പെയും മുൻ കാല താരങ്ങളും രാഷ്ട്രീയ നേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെയാണ് ലെ ഗ്രാറ്റ് മാപ്പ് പറഞ്ഞത്.
സിനദിൻ സിദാനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തൻറെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ലെ ഗ്രാറ്റ് പറഞ്ഞു. സിദാനെതിരെ താൻ നടത്തിയെന്ന് പറയുന്ന പ്രസ്താവനകളിൽ മാപ്പു പറയുന്നെന്നും അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയുകയെന്നത് തൻറെ ഉദ്ദേശമായിരുന്നില്ലെന്നും ലെ ഗ്രാറ്റ് പറഞ്ഞു.
സിദാനോട് ബഹുമാനം മാത്രമേയുള്ളൂ. അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശങ്ങൾ നടത്താൻ പാടില്ലാത്തതായിരുന്നു. അത് ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഫ്രാൻസിലെ ജനങ്ങൾക്കെന്നപോലെ സിദാനോട് എനിക്കുള്ള ബഹുമാനം അദ്ദേഹത്തിന് അറിയാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ലെ ഗ്രേറ്റ് വ്യക്തമാക്കി.
ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്സിന്റെ കരാർ നീട്ടുന്ന കാര്യം അറിയിച്ചതിനൊപ്പം സിദാനെ പരിശീലകനാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, സിദാൻ വിളിച്ചാൽ ഫോൺ പോലും താൻ എടുക്കില്ലെന്നുമായിരുന്നു നോയൽ ലെ ഗ്രാറ്റ് പറഞ്ഞിരുന്നത്.
“പരിശീലക സ്ഥാനത്തിന് വേണ്ടി എന്നെയെങ്ങാനും സിദാൻ വിളിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഞാൻ ഫോൺ പോലും എടുക്കില്ല, വേറെ വല്ല ക്ലബ്ബോ, ദേശീയ ടീമോ കണ്ടെത്തുന്നതാകും അദ്ദേഹത്തിന് നല്ലത്,’ ഇങ്ങനെയായിരുന്നു ലെ ഗ്രാറ്റിന്റെ വാക്കുകൾ.
ഗ്രാറ്റിന്റെ വാക്കുകൾ സിദാനെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ഇതിഹാസമാണെന്നും പ്രഖ്യാപിച്ച് നിരവധി ആരാധകരാണ് ഗ്രാറ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചത്.
ഫ്രാൻസ് എന്നാൽ സിദാനാണെന്നും അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ അപമാനിക്കരുതെന്നുമാണ് എംബാപ്പെ ട്വീറ്റ് ചെയ്തത്. ഫ്രാൻസിന്റെ പരിശീലകനാവാനുള്ള ആഗ്രഹം പരസ്യമാക്കിയിട്ടുള്ള സിദാനെ അവഗണിച്ചാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നിലവിലെ പരിശീലകനും സിദാൻറെ സഹതാരവുമായിരുന്ന ദിദിയെർ ദെഷാംപ്സിന് 2026 രെ കാലാവധി നീട്ടി നൽകിയത്.