ആവേശത്തിന്റെ പുറത്ത് പറഞ്ഞതാണ്, വേദനിപ്പിക്കണമെന്ന് വിചാരിച്ചില്ല: ജൂഡ് ആന്തണി ജോസഫ്
Film News
ആവേശത്തിന്റെ പുറത്ത് പറഞ്ഞതാണ്, വേദനിപ്പിക്കണമെന്ന് വിചാരിച്ചില്ല: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th May 2023, 5:40 pm

ആന്റണി വര്‍ഗീസിനെതിരായ പരാമര്‍ശങ്ങള്‍ വികാര ഭരിതനായി ആവേശത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്ന് ജൂഡ് ആന്തണി ജോസഫ്. നടന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും എന്നാല്‍ വേദനിപ്പിക്കണമെന്ന് വിചാരിച്ചിരുന്നില്ലെന്നും ജൂഡ് പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം.

‘ഞാന്‍ പെപ്പെയെ വിളിച്ചിരുന്നു. എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാന്‍ ഈ ആവേശഭരിതനാവുന്നതും ഇമോഷണലാവുന്നതുമൊക്കെ സ്ഥിരമുള്ളതാണ്. അത് കഴിഞ്ഞ കഥകളാണ്. അത് കഴിഞ്ഞുപോയി. എനിക്കവനോട് വ്യക്തിപരമായി പകയൊന്നുമില്ല. ആവേശം വരുമ്പോള്‍ പറയുമല്ലോ. പറഞ്ഞു എന്നുള്ളത് സത്യമാണ്. ഉണ്ടായ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. കള്ളത്തരമൊന്നുമല്ല. പക്ഷേ അത് ഒരാളെ വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതുപോലെയായി,’ ജൂഡ് ആന്തണി പറഞ്ഞു.

റെഡ് എഫ്.എം ഉടന്‍ പുറത്ത് വിടാനിരിക്കുന്ന അഭിമുഖത്തിന്റെ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യങ്ങളുള്ളത്. താന്‍ നിര്‍മിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും അഡ്വാന്‍സായി വാങ്ങിയ പത്ത് ലക്ഷം രൂപ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമായിരുന്നു ജൂഡ് പറഞ്ഞിരുന്നത്.

നഹാസ് എന്ന സംവിധായകനൊപ്പമുള്ള ആന്റണിയുടെ സിനിമ നടക്കാതെ പോയതിന് കാരണം തന്റെ ശാപമാണെന്നും ജൂഡ് പറഞ്ഞിരുന്നു.

ജൂഡിന് മറുപടിയുമായി ആന്റണി വര്‍ഗീസും പ്രെസ് മീറ്റ് വിളിച്ച് ചേര്‍ത്തിരുന്നു. നിര്‍മാതാവിനെ പറ്റിച്ച പണം കൊണ്ടല്ല സഹോദരിയുടെ വിവാഹം നടത്തിയതെന്നും ആ പണം തിരിച്ചുകൊടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് കല്യാണാലോചന വന്നതെന്നും ആന്റണി പറഞ്ഞു.

സംഘടനകള്‍ ചേര്‍ന്ന് പറഞ്ഞുതീര്‍ത്ത പ്രശ്നമാണ് വീണ്ടും മുന്നിലേക്ക് കൊണ്ടുവന്നതെന്നും പ്രസ് മീറ്റില്‍ ആന്റണി വര്‍ഗീസ് പറഞ്ഞു. സ്വന്തം വിജയം മറ്റൊരാളെ തകര്‍ക്കാന്‍ ജൂഡ് ഉപയോഗിക്കുകയാണെന്നും തന്റെ അമ്മ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

Content Highlight: No personal grudge against Anthony and no intention of hurting says Jude Anthony Joseph