കോഴിക്കോട്: കെ റെയിലില്‍ പദ്ധതിയെ പിന്തുണച്ച് സ്വാമി സന്ദീപാനന്ദ ഗിരി. സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയായി തീരാന്‍ എല്ലാവരും സര്‍ക്കാറിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ റെയില്‍ പദ്ധതി വരുന്നതോടെ വിദ്യാഭ്യാസം, കാര്‍ഷികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
”കെ റെയില്‍ വരുന്നതോടെ ട്രാഫിക് ബ്ലോക്ക് പ്രശ്‌നം ഇല്ലാതാക്കാം. ആരോഗ്യ രംഗത്ത് പലപ്പോഴും ട്രാഫിക്ക് ബ്ലോക്ക് കൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. കെ റെയിലിനെ നമുക്ക് എയര്‍ ആംബുലന്‍സായും ഉപയോഗിക്കാന്‍ പറ്റും.
സ്ത്രീകള്‍ക്ക് വളരെ സുഖപ്രദമായി യാത്ര ചെയ്യാനും കെ റെയിലിലൂടെ സാധിക്കും. കെ റെയില്‍ സ്ത്രീ സൗഹൃദമാകും എന്ന കാര്യം ഉറപ്പാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വളരെ പെട്ടെന്ന് യാത്ര ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്താന്‍ കെ റെയിലിലൂടെ സാധിക്കും. കാര്‍ഷിക രംഗവും മെച്ചപ്പെടും, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ ഇതിലൂടെ നമുക്ക് സാധിക്കും,’ സന്ദീപാനന്ദ ഗിരി പറഞ്ഞു.
കേരളത്തിന്റെ സമഗ്രമായ പുരോഗതിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല. എല്ലാവരേയും സര്‍ക്കാര്‍ നല്ല കരുതലോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരിടത്ത് എന്ന സിനിമയുടെ കഥ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കെ റെയിലുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളെ കുറിച്ച് സംസാരിച്ചത്.
അതിനിടെ, സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വാസസ്ഥലം നഷ്ടമാവുകയും ഭൂരഹിതര്‍ ആവുകയും ചെയ്യുന്നവര്‍ക്കാണ് പ്രത്യേക പാക്കേജ്. വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ട പരിഹാരതുകയ്ക്ക് പുറമേ 4,60,000 രൂപ നല്‍കാനാണ് തീരുമാനം.
അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. അതി ദരിദ്രകുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 5 സെന്റ് ഭൂമിയും, ലൈഫ് മാതൃകയിലുള്ള വീടും. അല്ലെങ്കില്‍ നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 5 സെന്റ് ഭൂമിയും, നാല് ലക്ഷം രൂപയും നല്‍കും. കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50 000 രൂപ എന്നിങ്ങനെയാണ് നല്‍കുക.