Kerala News
'അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ പായസ വില്‍പ്പന നടത്തിയാല്‍ നടപടിയെടുക്കും, ശ്രദ്ധയില്‍പ്പെട്ടാല്‍ പഴയിടത്തിനെതിരെയും നടപടി'- എ. പത്മകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 05, 03:54 pm
Thursday, 5th September 2019, 9:24 pm

തിരുവല്ല: അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ആര് പായസ വില്‍പ്പന നടത്തിയാലും നടപടിയെടുക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പാല്‍പ്പായസം വിറ്റതിന് തോംസണ്‍ ബേക്കറി ഉടമയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ ഇന്നു പുറത്തുവന്നിരുന്നു. തുടര്‍ന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

‘ദ ക്യൂ’വിനോടായിരുന്നു പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്. ഇതിനിടെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ ഗള്‍ഫിലും സ്വദേശത്തുമായി പഴയിടം മോഹനന്‍ നമ്പൂതിരി പായസം വില്‍ക്കുന്നുണ്ടെന്ന കാര്യവും പുറത്തുവന്നിരുന്നു.

പഴയിടം മോഹനന്‍ നമ്പൂതിരി അങ്ങനെ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ഇന്നാണ് അമ്പലപ്പുഴ പാല്‍പായസം വിറ്റ തോംസണ്‍ ഒരു സംഘം ആളുകള്‍ എത്തി മാപ്പു പറയിപ്പിച്ചത്.

ബേക്കറി ഉടമയോട് പേര് എന്തായിരുന്നു എന്ന് ഒരാള്‍ ചോദിക്കുന്നതും ഇതിന് ശേഷം മാപ്പ് പറയിപ്പിക്കുന്നതുമാണ് വീഡിയോ.

‘അമ്പലപ്പുഴ പാല്‍പ്പായസം, അതേ മോഡല്‍ എന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ ദിവസം സ്വന്തമായി നിര്‍മിച്ച് വിറ്റു. അത് നിയമവിരുദ്ധമാണ്, അല്ലേ.. നിയമവിരുദ്ധമാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് ആ തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ വീഡിയോ എടുക്കുന്ന ആളുകള്‍ ‘ഭക്തജനങ്ങള്‍ക്കുണ്ടായ എല്ലാ വിധ വിഷമങ്ങള്‍ക്കും ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നു കൂടി പറയണമെന്ന് ആവശ്യപ്പെട്ടു. ഇതും ഇദ്ദേഹം പറഞ്ഞു.

ഇനി ഞങ്ങളുടെ സ്ഥാപനം ഇങ്ങനെ പാല്‍പ്പായസം ഈ ബ്രാന്‍ഡ് നെയിമില്‍ ഒരിക്കലും വില്‍ക്കുന്നതല്ല എന്നും ഇദ്ദേഹത്തെ കൊണ്ട് വീഡിയോയില്‍ പറയിപ്പിക്കുന്നുണ്ട്.

ഇത് ആരും നിര്‍ബന്ധിച്ചിട്ട് പറയുകയല്ലെന്നും സ്വന്തമായി പറയുന്നതാണെന്ന് കൂടി പറഞ്ഞോട്ടെയെന്ന് വീഡിയോ എടുക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൊന്നായ ‘പാല്‍പായസം’ തെറ്റായി ലേബല്‍ ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അച്ചടിക്കുമ്പോള്‍ പേര് തെറ്റായി ലേബല്‍ ചെയ്തിട്ടുണ്ടെന്ന് ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നെന്നും തെറ്റിന് ഞങ്ങള്‍ ഖേദിക്കുന്നു, ആരെയും വേദനിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.- എന്നും വ്യക്തമാക്കി തോംസണ്‍ ബേക്കറി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഖേദപ്രകടനം നടത്തിയ ശേഷമാണ് ഒരു സംഘം ആളുകള്‍ ബേക്കറിയില്‍ എത്തി ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്. തിരുവല്ലയിലെ തോംസണ്‍ ബേക്കറിയായിരുന്നു പാല്‍പ്പായസം വിറ്റത്.

പായസം വില്പനയെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ വിജിലന്‍സ് ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുകയും തിരുവല്ല തോംസണ്‍ ബേക്കറി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ പത്മകുമാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.