ന്യൂദല്‍ഹി: രാജ്യത്ത് പടര്‍ന്നിരിക്കുന്ന കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്ന് പഠനം. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. വൈറസിനെ പറ്റി ഐ.സി.എം.ആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തെ കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.
വൈറസിനുണ്ടാകുന്ന ഇത്തരം പരിവര്‍ത്തനം വാക്‌സിന്‍ ഗവേഷണത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വാക്‌സിന്‍ ഗവേഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
കൊവിഡ് 19 വൈറസിന്റെ 5000 ത്തിലധികം ജനിതക ശ്രേണികള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലൊടുവിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി പറഞ്ഞത്.
ഈ പരിവര്‍ത്തനത്തിന്റെ ഫലമായി വൈറസിന്റെ രോഗ വ്യാപന ശേഷി വര്‍ധിച്ചിരുന്നു. അമേരിക്കയില്‍ കൊവിഡ് രോഗം കൂടുതല്‍ വ്യാപിക്കാന്‍ കാരണവും ഇത്തരം പരിവര്‍ത്തനമാണെന്നും ഇനിയും ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നുമായിരുന്നു പഠനഫലം.
വൈറസിന്റെ ആദ്യ ബാച്ചിലെ ശ്രേണികളെക്കുറിച്ച് യു.കെയിലെ ശാസ്ത്രജ്ഞരും സമാന പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വൈറസുകളില്‍ പരിവര്‍ത്തനം സംഭവിച്ചാല്‍ വാക്സിനുകളും മരുന്നുകളും ഫലിക്കാത്ത സാഹചര്യവും ഉണ്ടാകുകയും അതോടെ ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഫലപ്രദമാകില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം ഇന്ത്യയില്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാക്സിന്‍ ഗവേഷണങ്ങളും യാതൊരു തടസ്സവുമില്ലാതെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ രാജ്യത്ത് മൂന്ന് വാക്സിനുകളുടെ ഗവേഷണമാണ് പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇവയില്‍ രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒരെണ്ണം മൂന്നാം ഘട്ടത്തിലുമാണ്.
വാക്‌സിന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാ ജനങ്ങളിലുമെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് മാതൃകയില്‍ വാക്‌സിന്‍ വിതരണത്തിന് സംവിധാനമൊരുക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.