ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നുമുള്ള ഐ.എം.എഫ് വിലയിരുത്തലില്‍ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.
‘ഒരു സംശയവുമില്ല വലിയ നേട്ടം തന്നെയെന്നാണ്’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പ്രസ്തുത റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ പ്രതികരിച്ചത്.
ബി.ജെ.പിയുടെ വിദ്വേഷം നിറഞ്ഞ സാംസ്‌കാരിക ദേശീയതയുടെ 6 വര്‍ഷത്തെ സുദൃഢമായ നേട്ടമാണ് ഇതെന്നും ഇന്ത്യയെ ബംഗ്ലാദേശ് മറികടക്കുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചത്. ബി.ജെ.പി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് കൈയ്യടിച്ചുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊവിഡിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. കൊവിഡും തുടര്‍ന്ന് ലോക്ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഐ.എം.എഫ് അറിയിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനത്തിന്റെ കുറവാണുണ്ടാകുക. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇതെന്നും ഐ.എം.എഫ് അറിയിച്ചു.