'ഡി.കെയും വേണ്ട, സിദ്ധരാമയ്യയും വേണ്ട,' ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
national news
'ഡി.കെയും വേണ്ട, സിദ്ധരാമയ്യയും വേണ്ട,' ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 3:49 pm

ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത മുഖ്യമന്ത്രിയാരാകണമെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കവേ കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരക്ക് വേണ്ടി മുറവിളി കൂട്ടി അനുയായികള്‍. കര്‍ണാടകയിലെ തുമകുരുവിലാണ് പരമേശ്വരക്ക് വേണ്ടി അണികള്‍ തെരുവില്‍ പ്രകടനം നടത്തിയത്. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രകടനം നടത്തിയത്.

സംസ്ഥാനത്തിന് ദളിത് മുഖ്യമന്ത്രി ആവശ്യമാണെന്ന് പറഞ്ഞാണ് അണികള്‍ രംഗത്തെത്തിയതെന്ന് ഇന്‍ ഷോര്‍ട്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുമകുരുവിലെ മേയറും കോര്‍പ്പറേഷന്‍ അംഗങ്ങള്‍ അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫലം വന്നതിന് ശേഷം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോര്‍വിളികള്‍ തുടങ്ങിയിരുന്നു.

എന്നാല്‍ ആരാണ് കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ജി.പരമേശ്വരക്ക് വേണ്ടിയും അനുകൂലികള്‍ എത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ദൗത്യമിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ സിദ്ധരാമയ്യയും ശിവകുമാറും ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ഫലം വന്നതിന് ശേഷം ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം എം.എല്‍.എമാരും സിദ്ധരാമയ്യെയാണ് പിന്തുണച്ചത്.

എന്നാല്‍ താന്‍ തനിച്ചാണെന്നും പാര്‍ട്ടിയെ നയിച്ചതിലൂടെ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

content highlight: ‘No DK, no Siddaramaiah,’ G. Congress workers are demanding that Parameshwara be made the Chief Minister