വാങ്ങാന്‍ ആളില്ല: കേരളത്തിന്റെ പൈതൃക സ്വത്തായ കുപ്പടം സാരികള്‍ ഇനി ചരിത്രം മാത്രമാവും
economic issues
വാങ്ങാന്‍ ആളില്ല: കേരളത്തിന്റെ പൈതൃക സ്വത്തായ കുപ്പടം സാരികള്‍ ഇനി ചരിത്രം മാത്രമാവും
ഷാരോണ്‍ പ്രദീപ്‌
Sunday, 20th May 2018, 12:32 pm

കേരളത്തിന്റെ പൈതൃക സ്വത്തുകളിലൊന്നാണ് കുപ്പടം സാരികള്‍. കേരളാ ഖാദി ബോര്‍ഡിനു കീഴില്‍ നിര്‍മ്മിക്കുന്ന കുപ്പടം സാരികള്‍ പക്ഷേ ഇന്ന് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് ആകെ ഒരു കേന്ദ്രത്തിലാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള ചേമഞ്ചേരിയിലാണ് ഈ കേന്ദ്രം. എന്നാല്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ഈ സാരികളുടെ ഉത്പാദനം നിര്‍ത്താനുള്ള നീക്കത്തിലാണ് കേരളാ സര്‍ക്കാര്‍.

കുപ്പടം സാരി നെയ്യാന്‍ അറിയുന്ന തൊഴിലാളികള്‍ ഇപ്പോള്‍ ആറ് പേര്‍ മാത്രമേ കേരളത്തിലുള്ളു. എന്നാല്‍ വരവ് കുറയുന്ന് കാരണം ഇതില്‍ പലരും തൊഴില്‍ നിര്‍ത്താനുള്ള ആലോചനയിലാണ്. തുണിയുടെ ഗുണമേന്മ, ഏറെ കാലം ഈട് നില്‍ക്കുന്ന വിധത്തിലുള്ള നിര്‍മ്മാണം, സാരികളില്‍ തീര്‍ക്കുന്ന ചിത്ര തുന്നല്‍ ഇതൊക്കെയാണ് മറ്റ് സാരികളില്‍ നിന്ന് കുപ്പടം സാരികളെ വേറിട്ടതാക്കുന്നത്. നാല്‍പത്തി എട്ടായിരത്തോളം നൂല്‍ ഉപയോഗിച്ച് അഞ്ചര മീറ്റര്‍ നീളത്തില്‍ ഒരു നെയ്‌തെടുക്കാന്‍ ഏകദേശം നാല് ദിവസത്തോളം അധ്വാനമുണ്ട്. ഈ സങ്കീര്‍ണവും കുറ്റമറ്റതുമായ നിര്‍മ്മാണ രീതിയാണ് ്‌സാരികള്‍ ഈട് നില്ക്കുന്നതിന് കാരണം, അതുകൊണ്ട് തന്നെ വിലയും ഒരല്‍പം കൂടുതലാണ്.

 

ആറായിരം രൂപയോളമാണ് വിപണിയില്‍ കുപ്പടം സാരികളുടെ വില. മറ്റ് സാരികളില്‍ നിന്ന് വിലയിലുള്ള ഈ അന്തരമാണ് സാരികള്‍ വിറ്റ് പോവാതിരിക്കാനുള്ള പ്രധാന കാരണം. സാരികള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്കിടയില്‍ കുപ്പടം സാരികള്‍ വേണ്ടത്ര രീതിയില്‍ പ്രചരിപ്പിക്കാത്തതും, നിറങ്ങള്‍ ആധുനിക ഡിസൈനുകള്‍ എന്നിവ കുപ്പടം സാരികളില്‍ പ്രയോഗിക്കാത്തതും വിപണിയില്‍ സാരികള്‍ക്ക് തിരിച്ചടിയാവുന്നു.

“”ഖാദി കമ്മീഷന്നും ഖാദി ബോര്‍ഡും നല്‍കുന്ന ആനുകൂല്യങ്ങള്‍ യഥാസമയം കിട്ടണം. ഭാഗികമായ യന്ത്രവല്ക്കരണം ഈ മേഖലയില്‍ വരേണ്ടതും ആവശ്യമാണ്. റിബേറ്റ് ഉള്ളത് കൊണ്ട് മാത്രമാണ് ഉത്സവ സീസണില്‍ ഖാദി വസ്ത്രങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്, ചെറുപ്പക്കാരെ ആകര്‍ഷിക്കാനോ, മാറ്റങ്ങള്‍ വരുത്താനോ തയ്യാറായില്ലെങ്കില്‍ ഉത്പാദനം അവസാനിപ്പിക്കേണ്ടി വരും””, കുപ്പടം സാരി നെയ്ത്തുകാരിയായ പത്മിനി ഡൂള്‍ന്യൂസിനോട് പറയുന്നു.

 

വിപണിയില്‍ നേരിടുന്ന തിരിച്ചടിക്ക് കൂടാതെ ആനുകൂല്യങ്ങലോ, വേതനമോ കൃത്യമായി ലഭിക്കാത്തതും തൊഴിലാളികളെ കുപ്പടം സാരി നെയ്ത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2010ലെ എല്‍.ഡി.എഫ് സര്‍ക്കാരാണ് മിനിമം കൂലിക്ക് സമാനമായ പൂരകവരുമാനം ഖാദി തൊഴിലാളികള്‍ക്ക് നല്കാന്‍ ആരംഭിച്ചത്. എന്നാല്‍ രണ്ടോ മൂന്നോ മാസത്തെ ഇടവേളകളില്‍ മാത്രം ലഭിക്കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ഖാദി തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നില്ല എന്നാണ് പരാതി. പുതിയ ആളുകള്‍ ഈ മേഖലയിലേക്ക് വരാത്തതിനും കാരണവും വേതനത്തിലുണ്ടാവുന്ന കാലതാമസവും, വേതനമില്ലായ്മയുമാണ്. യാതൊരു യന്ത്രസംവിധാനവും ഉപയോഗിക്കാന്‍ ഖാദി കമ്മീഷന്‍ അനുമതി നല്‍കാത്തത് കാരണം കഠിനമായി അധ്വാനിക്കാനും തൊഴിലാളികള്‍ നിര്‍ബന്ധിതരാവുന്നു.

“”ഒരു വര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ ഉത്പാദനം നടക്കുന്ന ചേമഞ്ചേരിയിലെ കേന്ദ്രത്തില്‍ നൂറോളം കുപ്പടം സാരികളുടെ ഉത്പാദനം മാത്രമേ നടക്കുന്നുള്ളു. രണ്ട് കൊല്ലത്തെ സാരിയോളം സ്റ്റോക്കായി ഇവിടെ കെട്ടി കിടക്കുകയാണ്. അതുകൊണ്ട് തല്‍ക്കാലം ഉത്പാദനം നിര്‍ത്താനാണ് ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം””. കോഴിക്കോട് സര്‍വ്വോദയ സംഘം ഖാദി പ്രൊഡക്ഷന്‍ സെന്ററിന്റെ മാനേജറായ ഹരീഷ് ബാബു പറയുന്നു.

ലോകത്തിലെ തന്നെ വ്യത്യസ്തമായ സാരിയായ കുപ്പടം സാരികളുടെ നെയ്ത്ത് നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ കേരളത്തിന്റെ തന്നെ പൈതൃക സ്വത്തുക്കളില്‍ ഒന്നാണ് ചരിത്രത്താളുകളിലേക്ക് ചുരുങ്ങാന്‍ പോവുന്നത്. സര്‍ക്കാരിന്റേയും ഖാദി ബോര്‍ഡിന്റേയും ഭാഗത്ത് നിന്ന് സമയോചിതമായ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് ഇപ്പോഴും കുപ്പടം സാരി നെയ്ത്ത് തൊഴിലാളികള്‍ വിശ്വസിക്കുന്നത്.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍