Kerala News
എന്‍.എം. വിജയന്റെ ആത്മഹത്യ; എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 05:18 am
Saturday, 25th January 2025, 10:48 am

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ അറസ്റ്റില്‍.

മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി എം.എല്‍.എയെ ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സെഷന്‍ കോടതിയാണ് എം.എൽ.എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയതിന് പിന്നാലെയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഐ.സി. ബാലകൃഷ്ണനെ ചോദ്യം ചെയ്യുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയാണ് ഐ.സി. ബാലകൃഷ്ണന്‍.

വ്യാഴാഴ്ച മുതല്‍ ഐ.സി. ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. പുത്തൂര്‍വയല്‍ എ.ആര്‍. ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

ഇന്നലെ (വെള്ളി) ഐ.സി ബാലകൃഷ്ണന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഐ.സി. ബാലകൃഷ്ണനോടൊപ്പമാണ് അന്വേഷണ സംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്ന എം.എല്‍.എയുടെ മൊഴിയില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് മനസിലാക്കുക എന്നതായിരുന്നു പരിശോധനയുടെ ലക്ഷ്യം.

എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് അദ്ദേഹം തന്നെ എഴുതിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയെ കേസില്‍ പ്രതി ചേര്‍ത്തത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് ഐ.സി. ബാലകൃഷ്ണനെ കേസില്‍ പ്രതി ചേര്‍ത്തത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംബന്ധിച്ച വിവരങ്ങളും എന്‍.എം. വിജയന്‍ പറഞ്ഞിരുന്നു.

ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ബുധനാഴ്ച കേസിലെ രണ്ടും നാലും പ്രതികളായ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ ഡി.സി.സി ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍ എന്നിവരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു.

Content Highlight: NM Vijayan’s suicide; MLA IC Balakrishnan Arrested