'വിശ്വാസിസമൂഹത്തോട് ഒപ്പമെങ്കില്‍ ബി.ജെ.പി ബില്ലിനെ പിന്തുണയ്ക്കുക'; ശബരിമല ബില്‍ വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍
Sabarimala women entry
'വിശ്വാസിസമൂഹത്തോട് ഒപ്പമെങ്കില്‍ ബി.ജെ.പി ബില്ലിനെ പിന്തുണയ്ക്കുക'; ശബരിമല ബില്‍ വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 8:19 pm

കോഴിക്കോട്: ശബരിമല ബില്‍ പരിഗണിക്കുന്നത് പ്രാഥമിക വിജയമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. സ്വകാര്യ ബില്ലുകള്‍ നിയമങ്ങള്‍ക്കു വഴി തുറന്നിട്ടുണ്ടെന്നും മാതൃഭൂമി ന്യൂസിനോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി വിശ്വാസിസമൂഹത്തിന്റെ താത്പര്യത്തോടൊപ്പം നിലകൊള്ളുന്നു എന്നുണ്ടെങ്കില്‍ ഈ ബില്ലിന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്‍ പാസ്സാകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ ആ തടസ്സങ്ങള്‍ പറയുക.- അദ്ദേഹം പറഞ്ഞു.

‘ബില്ലിന് അവതരാണാനുമതി ലഭിച്ചത് നടത്തിയ പരിശ്രമത്തിന്റെ പ്രാഥമിക വിജയമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ അലര്‍ട്ടാകുന്നു, പൊതുജനങ്ങള്‍ അലര്‍ട്ടാകുന്നു. ഈ വിഷയത്തിന്റെ നിയമ, സാങ്കേതിക സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നു. അതുതന്നെ ഈ വിഷയം സംബന്ധിച്ചുണ്ടായിട്ടുള്ള ഏറ്റവും ഗുണപരമായ ഇംപാക്ടാണെന്നാണ് എന്റെ വിശ്വാസം.

സ്വകാര്യ ബില്ലിന് ഒരുപാട് ഇംപാക്ട്‌സ് ഉണ്ട്. അതിനിയും ഉണ്ടാവുമെന്നാണു വിശ്വാസം. അതിനുമുന്‍പ് ഈ ബില്‍ പാര്‍ലമെന്റിന്റെയും അതുവഴി സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് ഇതുസംബന്ധിച്ച് മെച്ചം.

യുവതീപ്രവേശത്തെ അനുകൂലിച്ച് വി.എസ് സര്‍ക്കാരിന്റെ കാലത്തുണ്ടായ സത്യവാങ്മൂലം മന്ത്രിസഭയുടെ തീരുമാനമല്ലെന്നും മന്ത്രിതലത്തില്‍ എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ലെന്നും അന്നത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രേമചന്ദ്രന്‍ പറഞ്ഞു. ജി. സുധാകരന്‍ ആയിരുന്നു 2006-11 കാലത്തെ വി.എസ് സര്‍ക്കാരില്‍ ദേവസ്വം മന്ത്രി.

ശബരിമലയില്‍ തത്സ്ഥിതി തുടരണമെന്നാണ് പ്രേമചന്ദ്രന്റെ ബില്‍ നിര്‍ദേശിക്കുന്നത്. 17-ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്. സ്വകാര്യ ബില്ലായതിനാല്‍ അവതരണത്തിന് അപ്പുറത്തേക്കുള്ള നടപടിക്രമങ്ങളിലേക്കൊന്നും പോകാന്‍ ഇടയില്ല. പക്ഷേ വിഷയം സഭയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയേക്കാം.