പ്രിയ ജയസൂര്യ, ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ചയല്ലെന്ന് എത്ര മനോഹരമായാണ് കാണിച്ചു തന്നത് ;മേരിക്കുട്ടിയെയും ജയസൂര്യയെയും അഭിനന്ദിച്ച് ശാരദകുട്ടി
Malayalam Cinema
പ്രിയ ജയസൂര്യ, ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ചയല്ലെന്ന് എത്ര മനോഹരമായാണ് കാണിച്ചു തന്നത് ;മേരിക്കുട്ടിയെയും ജയസൂര്യയെയും അഭിനന്ദിച്ച് ശാരദകുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st June 2018, 10:51 am

കൊച്ചി: “ഞാന്‍ മേരിക്കുട്ടി” എന്ന ചിത്രത്തെയും നടന്‍ ജയസൂര്യയെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദകുട്ടി. പതിവു കച്ചവടസിനിമകളില്‍ നിന്നു വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം അവതരിപ്പിക്കുന്നതെന്നും. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായി കാണിച്ചു തന്നെന്നും ശാരദകുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പെണ്‍ശരീരത്തിന്റെ ചലനങ്ങള്‍, അനാവശ്യമായ പുളയലുകളും കുണുക്കങ്ങളുമില്ലാതെ തന്നെ ഒരു പുരുഷന്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷേ ഈ ഗണത്തില്‍പ്പെട്ട മലയാള സിനിമകളില്‍ മുന്‍പ് കണ്ടിട്ടുണ്ടാവില്ല. സിനിമ കണ്ടിറങ്ങിയ ഉടനെ തന്നെ അതിലെ അഭിനേതാവിനെ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് അപൂര്‍വ്വമായേ തോന്നാറുള്ളു. പ്രിയപ്പെട്ട ജയസൂര്യ, നിങ്ങളെ നേരില്‍ കാണണമെന്നും അഭിനന്ദിക്കണമെന്നും തോന്നി – ശാരദകുട്ടി പറയുന്നു.


Also Read അഭയാര്‍ത്ഥി കുഞ്ഞുങ്ങളെ തടവിലിട്ടിരിക്കുന്ന സംഭവം; ബ്രേക്കിംഗ് ന്യൂസ് വായിക്കുന്നതിനിടെ കരച്ചിലടക്കാനാവാതെ വാര്‍ത്താവതാരക (വീഡിയോ)


 

ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന പൊള്ളുന്ന അവസ്ഥകളെ അതിന്റെ എല്ലാ ഭയാനതകളോടും കൂടി ചലച്ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശത്തിന് വലുതായ പ്രസക്തിയുണ്ടെന്നും അവര്‍ പറയുന്നു.

കലാപരമായ മേന്മയുടെ പേരിലല്ല, സാമൂഹിക നീതി ഉറപ്പിക്കുന്നതില്‍ ഭാഗഭാക്കാകുന്നതിന് വേണ്ടി എല്ലാവരും കാണണമെന്നും. രണ്ടര മണിക്കൂര്‍ കഴിയുമ്പോള്‍, കുറ്റബോധത്താല്‍ തല കുനിയുകയെങ്കിലും ചെയ്താല്‍ അത്രയും നന്നെന്നും ശാരദകുട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഒരു പക്ഷേ കച്ചവട സിനിമകള്‍ ഏറ്റവും അശ്ലീലമായി അവതരിപ്പിച്ചിട്ടുള്ളത് ട്രാന്‍സ് ജെന്‍ഡറുകളുടെ അവസ്ഥയാകാം. ആണും പെണ്ണും കെട്ട എന്ന പ്രയോഗമാകാം സിനിമകളിലെ ലിംഗാധികാരത്തിന്റെ ഏറ്റവും അറപ്പുളവാക്കുന്ന പദപ്രയോഗവും. പതിവു കച്ചവടസിനിമകളില്‍ നിന്നു വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം അവതരിപ്പിക്കുന്നത്. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായാണ് കാണിച്ചു തന്നത്. എത്ര ഗ്രേസ്ഫുള്‍ ആണ് മേരിക്കുട്ടിയുടെ ചലനങ്ങള്‍. അവളുടെ സംഘര്‍ഷാവസ്ഥകള്‍ക്കും സന്തോഷങ്ങള്‍ക്കും എന്തൊരു, സ്വാഭാവികത.

പെണ്‍ശരീരത്തിന്റെ ചലനങ്ങള്‍, അനാവശ്യമായ പുളയലുകളും കുണുക്കങ്ങളുമില്ലാതെ തന്നെ ഒരു പുരുഷന്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷേ ഈ ഗണത്തില്‍പ്പെട്ട മലയാള സിനിമകളില്‍ മുന്‍പ് കണ്ടിട്ടുണ്ടാവില്ല. ജോഗ് ചെയ്യുന്ന മേരിക്കുട്ടി, നൃത്തം ചെയ്യുന്ന മേരിക്കുട്ടി, കൂട്ടുകാരിയുടെ മകളുടെ മുടി കോതിപ്പിന്നിക്കൊടുക്കുന്ന മേരിക്കുട്ടി, തികച്ചും സ്വാഭാവികമായ ചലനങ്ങള്‍. ഒരു സിനിമ കണ്ടിറങ്ങിയ ഉടനെ തന്നെ അതിലെ അഭിനേതാവിനെ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് അപൂര്‍വ്വമായേ തോന്നാറുള്ളു. പ്രിയപ്പെട്ട ജയസൂര്യ, നിങ്ങളെ നേരില്‍ കാണണമെന്നും അഭിനന്ദിക്കണമെന്നും തോന്നി.


Dool Review ഞാന്‍ മേരിക്കുട്ടി; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളോട് മലയാളസിനിമ ചെയ്ത ക്രൂരതകള്‍ക്കുള്ള മറുപടി

ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന പൊള്ളുന്ന അവസ്ഥകളെ അതിന്റെ എല്ലാ ഭയാനകതകളോടും കൂടി ചലച്ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശത്തിന് വലുതായ പ്രസക്തിയുണ്ട്. ഒരു വാണിജ്യ സിനിമയില്‍ നിന്നു പ്രതീക്ഷിക്കാനാവാത്ത ഒതുക്കവും മുറുക്കവും മിഴിവും നല്‍കിത്തന്നെയാണ് സിനിമയുടെ മുഴുവന്‍ ടീമും പ്രവര്‍ത്തിക്കുന്നത്. പാളിപ്പോകാതിരിക്കാനുള്ള പരമാവധി ശ്രദ്ധയുണ്ട്. എല്ലാവരും തീര്‍ച്ചയായും കാണണം ഈ ചിത്രം. കലാപരമായ മേന്മയുടെ പേരിലല്ല, സാമൂഹിക നീതി ഉറപ്പിക്കുന്നതില്‍ ഭാഗഭാക്കാകുന്നതിന് വേണ്ടി. ഒരു പ്രായശ്ചിത്തമെന്ന മട്ടില്‍. രണ്ടര മണിക്കൂര്‍ കഴിയുമ്പോള്‍, കുറ്റബോധത്താല്‍ തല കുനിയുകയെങ്കിലും ചെയ്താല്‍ അത്രയും നന്ന്, ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 


ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.