മദ്യപിച്ച ശേഷം ബില്ല് നല്‍കാതെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍; ബില്ല് ആവശ്യപ്പെട്ട തൊഴിലാളികള്‍ക്ക് തെറിവിളിയും ഭീഷണിയും; ഹോട്ടലിന് മുന്നില്‍ പ്രതികാര നടപടിയുമായി ഉദ്യോഗസ്ഥന്‍
Corruption
മദ്യപിച്ച ശേഷം ബില്ല് നല്‍കാതെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍; ബില്ല് ആവശ്യപ്പെട്ട തൊഴിലാളികള്‍ക്ക് തെറിവിളിയും ഭീഷണിയും; ഹോട്ടലിന് മുന്നില്‍ പ്രതികാര നടപടിയുമായി ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th December 2017, 1:50 pm

തൃശൂര്‍: മദ്യപിച്ചശേഷം ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെതിരെ തെറിവിളി നടത്തിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിഷോറും കൂട്ടുകാരുമാണ് മദ്യപിച്ച ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.

ഒ.ഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തെത്തുന്നതും ചര്‍ച്ചയാകുന്നതും. ഞായറാഴ്ച കൂട്ടുകാരായ ജേണലിസ്റ്റുകളുമായി ഒരു ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു സന്ദിപ് കുമാര്‍. അപ്പോഴാണ് ഇത് ശ്രദ്ധയില്‍പെട്ടതെന്നും പൊതുസമൂഹം അറിയണമെന്നുള്ളതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും സന്ദീപ് കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ ഇത് ശരിയല്ല എന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ ഉടമകളുമായി ബന്ധപ്പെട്ടെന്നും പിന്‍വലിച്ചില്ലെങ്കില്‍ 24 മണിക്കൂറും ഹോട്ടലിന് മുന്നില്‍ പരിശോധന നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദീപ് കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ.നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.” എന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിഷോറിന്റെ ഭീഷണിയോടെ തന്നെയാണ് സന്ദീപ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. തുടര്‍ന്ന് നടത്തിയ് വലിയ അസഭ്യ വര്‍ഷം ആയിരുന്നെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞതെല്ലാം ഫേസ്ബുക്കില്‍ എടുത്തെഴുതുന്നതില്‍ സഭ്യതയുടെ പരിമിതിയുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

 

വലിയ ഭീകരാന്തരീക്ഷം ആണ് ഇന്‍സ്‌പെക്ടര്‍ സൃഷ്ടിച്ചതെന്നും സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും മാന്യമായി നടക്കുന്ന ഒരു സ്ഥാപനത്തെ അവഹേളിച്ചെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞാണ് കിഷോറും സംഘവും പോയത്. അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.ചൊവ്വാഴ്ച സഹ ഇന്‍സ്‌പെക്ടര്‍മാരുമായി വീണ്ടുമെത്തുകയും ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി പിഴ ചുമത്തിയെന്നും കുറിപ്പില്‍ സന്ദീപ് വ്യക്തമാക്കുന്നു. നിങ്ങളെങ്ങനെ ഇനി ബിസിനസ് ചെയ്യുമെന്ന് കാണട്ടെയെന്നുപറഞ്ഞായിരുന്നു പരിശോധന.

സംഭവത്തെ തുടര്‍ന്ന് ട്രാന്‍സ്പാര്‍ട്ട് കമ്മീഷണര്‍ക്കും ഡി.ജി.പി,ക്കും ഹോേട്ടല്‍ അധികാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും പ്രശ്‌നമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കൂട്ടുകാര്‍ക്കെതിരേയും യാതൊരു നടപടി യും ഉണ്ടായിട്ടില്ല എന്നും പരാതി കൊടുത്തതിനെ തുടര്‍ന്ന് ഹോട്ടലുകാരെ എല്ലാ ഓഫീസുകളിലേക്കും നടത്തിക്കുന്ന അവസ്ഥയാണുള്ളതെന്നും സന്ദീപ് കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

 

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി മുന്നോട്ടു പോകുന്ന ഒരു സ്ഥാപനത്തില്‍ വന്നിരുന്ന് സ്ത്രീകളും കുട്ടികളും അടക്കം ഉള്ളവരുടെ മുന്നിലായിരുന്നു ഇത്ര നീചമായ പ്രകടനം. മദ്യം ഫ്രീ കിട്ടിയില്ലെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇത്രമാത്രം തരം താഴും എന്നത് പരിഹാസ്യമാണെന്നും ഇത്തരക്കാര്‍ ഈ നാടിന്റെ ശാപം ആണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

സന്ദീപ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം