തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ആദ്യമായി അഭിമാനം തോന്നിയത് എന്റെ ആ മലയാള സിനിമ കണ്ടപ്പോള്‍: നിത്യ മേനോന്‍
Entertainment
തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ആദ്യമായി അഭിമാനം തോന്നിയത് എന്റെ ആ മലയാള സിനിമ കണ്ടപ്പോള്‍: നിത്യ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th September 2024, 1:02 pm

അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. നിത്യ മേനോന്‍ നായികയായി എത്തിയ ഈ സിനിമയില്‍ തിലകന്‍, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ദിഖ്, ലെന, മാമുക്കോയ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ആസിഫ് അലിയും ജിഷ്ണുവും അതിഥി വേഷങ്ങളിലും എത്തിയിരുന്നു.

ദുല്‍ഖര്‍ ഫൈസിയായി എത്തിയ ഉസ്താദ് ഹോട്ടലില്‍ കരിം എന്ന കഥാപാത്രമായി എത്തിയത് തിലകനായിരുന്നു. മലയാളത്തിലെ ന്യൂ-ജെന്‍ സിനിമാ പ്രസ്ഥാനത്തിന്റെ കാലത്ത് നിര്‍മിച്ച ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.

ഉസ്താദ് ഹോട്ടലില്‍ ഷഹാന എന്ന കഥാപാത്രമായാണ് നടി നിത്യ മേനോന്‍ എത്തിയത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് നിത്യ. തിയേറ്ററിന് പുറത്ത് വന്നപ്പോള്‍ ആദ്യമായി ഒരു സിനിമയുടെ ഭാഗമായതില്‍ തനിക്ക് വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടലാണെന്നാണ് നടി പറയുന്നത്. റേഡിയോ സിറ്റി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ.

‘എന്റെ സിനിമ കണ്ടിട്ട് തിയേറ്ററിന് വെളിയില്‍ വന്നപ്പോള്‍ ആദ്യമായി ഒരു സിനിമയുടെ ഭാഗമായതില്‍ എനിക്ക് വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടലാണ്. വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അത്.

എനിക്ക് ഏറ്റവും സ്പെഷ്യലായ ഒരു സിനിമ തന്നെയായിരുന്നു ഉസ്താദ് ഹോട്ടല്‍. ആ സിനിമയില്‍ എന്റെ പോഷന്‍സ് ഷൂട്ട് ചെയ്തത് കൊച്ചിയിലും കോഴിക്കോടുമായിട്ടായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി കോഴിക്കോട് പോകുന്നത്. പിന്നെ എനിക്ക് സിനിമയില്‍ പഴയ ലെജന്റ്സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

അതുകൊണ്ട് തിലകന്‍ സാറിന്റെ കൂടെ ഉസ്താദ് ഹോട്ടല്‍ ചെയ്തത് വളരെ സ്പെഷ്യലായി തോന്നുന്നുണ്ട്. തിരുചിത്രമ്പലത്തില്‍ ഭാരതിരാജ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയതും ഇതുപോലെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അവരെ പോലെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കുറഞ്ഞ അവസരമേ ലഭിച്ചിട്ടുള്ളൂ,’ നിത്യ മേനോന്‍ പറയുന്നു.


Content Highlight: Nithya Menon Talks About Usthad Hotel