Film News
പൃഥ്വിരാജ് ചിത്രത്തിലെ ആ പാട്ട് പ്ലാന്‍ ചെയ്തായിരുന്നില്ല; ഞാന്‍ ഉണ്ടാക്കിയെടുത്തതാണ്: നിത്യ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 30, 11:06 am
Saturday, 30th December 2023, 4:36 pm

പൃഥ്വിരാജ് നായകനായി 2011ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഉറുമി. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ്.

ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ വന്‍ താരനിര തന്നെയായിരുന്നു അഭിനയിച്ചത്. പൃഥ്വിരാജിന് പുറമെ ജെനീലിയ ഡിസൂസ, പ്രഭുദേവ, ആര്യ, നിത്യ മേനോന്‍, റോബിന്‍ പ്രാറ്റ്, അലക്‌സ് ഓ നീല്‍, ജഗതി ശ്രീകുമാര്‍, വിദ്യാ ബാലന്‍, തബു എന്നിവരും ഉറുമിയില്‍ ഒന്നിച്ചു.

ചിത്രത്തില്‍ ചിറക്കല്‍ ബാല എന്ന കഥാപാത്രമായാണ് നടി നിത്യ മേനോന്‍ എത്തിയിരുന്നത്. ഉറുമിയില്‍ താരം അഭിനയിച്ച ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന’ എന്ന് തുടങ്ങുന്ന പാട്ട് ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ആ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് നിത്യ. പാട്ടില്‍ പ്രഭുദേവയായിരുന്നു താരത്തിനൊപ്പം അഭിനയിച്ചിരുന്നത്.

‘ആ പാട്ടിനെ കുറിച്ച് പറയുമ്പോള്‍ എന്റെ മനസിലേക്ക് പെട്ടെന്ന് കടന്ന് വരുന്ന കാര്യം, ആ പാട്ട് കൊറിയോഗ്രാഫ് ചെയ്യാതെ അഭിനയിച്ചതാണ് എന്നുള്ളതാണ്. അത് ഓണ്‍ ദി സ്‌പോട്ടില്‍ ചെയ്തതാണ്. സന്തോഷ് അങ്ങനെ അധികം ഡയറക്ട് ചെയ്യുന്ന ആളല്ല. ഷൂട്ടിന്റെ സമയത്ത് എന്തെങ്കിലും ചെയ്‌തോളൂ എന്നാണ് പറയാറുള്ളത്.

ഒരു തവണ പാട്ടിന്റെ ഷൂട്ടിന് ഇടയില്‍ ഞാന്‍ അഭിനയിക്കാന്‍ അവിടെ പോയി ഇരുന്നതും ‘ഇരിക്കുകയാണെങ്കില്‍ ഇരുന്നോളൂ, ഇരുന്നിട്ട് വരികള്‍ പാടിയാല്‍ മതി’ എന്ന് പറഞ്ഞു. അത്തരത്തില്‍ ആ പാട്ട് മുഴുവന്‍ ആദ്യമേ തന്നെ പ്ലാന്‍ ചെയ്ത് അഭിനയിച്ചതല്ല.

എനിക്ക് പാട്ടിന്റെ ലൈന്‍സ് തന്നിട്ട് ‘പ്രഭു സാറുമായി ഇരിക്കുന്നതായാണ് ഷോട്ട് ആരംഭിക്കുന്നത്. പിന്നെ സാര്‍ അങ്ങനെ പോകുമ്പോള്‍ താന്‍ ആ വരികള്‍ പാടിയാല്‍ മതി’ എന്ന് സന്തോഷ് പറഞ്ഞു. ബാക്കിയൊക്കെ ഞാന്‍ ഉണ്ടാക്കിയെടുത്തതാണ്,’ നിത്യ മേനോന്‍ പറഞ്ഞു.


Content Highlight: Nithya Menon Talks About Urumi Movie Song