ആതിരയെ നിതിന്റെ മരണവിവരം അറിയിച്ചു; മൃതദേഹം കാണണമെന്ന് ആതിര
Kerala News
ആതിരയെ നിതിന്റെ മരണവിവരം അറിയിച്ചു; മൃതദേഹം കാണണമെന്ന് ആതിര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2020, 10:21 am

കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നിയമ യുദ്ധം നടത്തിയ നിതിന്റെ മരണവിവരം ഭാര്യ ആതിരയെ അറിയിച്ചു. പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയോട് ഡോക്ടര്‍മാരുടെ സംഘമാണ് വിവരം അറിയിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിതിന്റെ മൃതദേഹം കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്.

എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. ആതിരയെ കാണിച്ചശേഷമായിരിക്കും മൃതദേഹം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. വൈകീട്ട് സംസ്‌ക്കാരം നടത്തും. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് നിതിന്‍ മരിക്കുന്നത്.

കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ വിദേശ നാടുകളില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ പ്രവാസി മലയാളിയാണ് ആതിര.

ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോയി ചെയ്തിരുന്ന നിതിന്‍ ചന്ദ്രന്‍ ഭാര്യയ്ക്ക് ഇക്കാര്യത്തില്‍ ഉറച്ച പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രവാസ സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിലെയും ബ്ലഡ് ഡോണേര്‍സ് കേരളയിലെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്ത് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. ആറ് വര്‍ഷമായി ദുബായിലായിരുന്നു ഇദ്ദേഹം. ആതിരയുടെ നിയമപോരാട്ടം ഫലം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ ആതിരയ്ക്ക് പോവാനായത് വലിയ വാര്‍ത്തയായിരുന്നു.

നിതിനും നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കിലും അത്യാവശ്യക്കാര്‍ക്ക് വേണ്ടി യാത്ര മാറ്റുകയായിരുന്നു.