ലാലേട്ടന്റെ ആ മാസ് പടവുമായി ക്ലാഷ് വേണ്ടെന്ന് മമ്മൂക്കക്ക് ആഗ്രഹമുണ്ടായിരുന്നു: നിഷാദ് കോയ
Entertainment
ലാലേട്ടന്റെ ആ മാസ് പടവുമായി ക്ലാഷ് വേണ്ടെന്ന് മമ്മൂക്കക്ക് ആഗ്രഹമുണ്ടായിരുന്നു: നിഷാദ് കോയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th May 2024, 8:52 am

മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായിരുന്നു പുലിമുരുകൻ. മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു പുലിമുരുകൻ.

റിലീസിന് മുമ്പ് തന്നെ വലിയ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു പുലിമുരുകൻ. അന്ന് പുലിമുരുകനൊപ്പം ക്ലാഷ് റിലീസായി എത്തിയത് മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ ആയിരുന്നു.

മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിൽ ഒന്നായിരുന്നു ഇത്. തുറുപ്പുഗുലാൻ, താപ്പാന തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു തോപ്പിൽ ജോപ്പൻ. എന്നാൽ മുരുകന്റെ കുതിപ്പിന് മുന്നിൽ ജോപ്പൻ അടിപതറി.

തോപ്പിൽ ജോപ്പൻ പുലിമുരുകനോടൊപ്പം ക്ലാഷ് റിലീസ് വെക്കണമെന്നത് തന്റെ നിർബന്ധമായിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ പറയുന്നു. മമ്മൂട്ടിക്കും ജോണി ആന്റണിക്കും സംശയമുണ്ടായിരുന്നുവെന്നും എന്നാൽ മലയാളി പ്രേക്ഷകർ രണ്ട് സിനിമയും വ്യത്യസ്ത രീതിയിൽ സ്വീകരിക്കുമെന്ന് താൻ കരുതിയെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘തോപ്പിൽ ജോപ്പൻ അങ്ങനെ ഇറക്കണമെന്നത് എന്റെ ഒരു നിർബന്ധമായിരുന്നു. തോപ്പിൽ ജോപ്പൻ ചെറിയ രീതിയിൽ പോവുന്ന ഒരു സിനിമയാണ്. അത്രേം വലിയ മാസ് പടവുമായിട്ട് ക്ലാഷ് വേണ്ടെന്ന് മമ്മൂക്കക്കും ജോണി ചേട്ടനുമൊക്കെ ഉണ്ടായിരുന്നു.

ഞാൻ പറഞ്ഞു, ഏതായാലും ആളുകൾ തിയേറ്ററിലേക്ക് വരും. അപ്പോൾ ഒരുമിച്ച് വെക്കുന്നതിന് പ്രശ്നമില്ലല്ലോ. കാരണം രണ്ട് സിനിമകളെയും രണ്ട് രീതിയിൽ ആളുകൾ വിലയിരുത്തുമല്ലോ. മലയാളികൾ അങ്ങനെയാണല്ലോ.

മലയാളി പ്രേക്ഷകരെ അത് പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. അത് കേട്ടപ്പോൾ ജോണി ചേട്ടൻ എന്നാൽ ആയിക്കോട്ടെയെന്ന് പറഞ്ഞു. അങ്ങനെയാണ് പുലിമുരുകന്റെ കൂടെ തോപ്പിൽ ജോപ്പൻ ക്ലാഷ് വെച്ചത്,’നിഷാദ് കോയ പറഞ്ഞു.

 

Content Highlight: Nishad Koya Talk About Thoppil Joppan Movie