നിപയുടെ ഉത്ഭവം തൃശ്ശൂര്‍ ആവാന്‍ സാധ്യതയില്ല; യുവാവിനൊപ്പം ക്യാമ്പില്‍ പങ്കെടുത്ത 22 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡി.എം.ഒ
തൃശ്ശൂര്‍: നിപയുടെ ഉത്ഭവം തൃശ്ശൂര്‍ ആവാന്‍ സാധ്യതയില്ലെന്ന് ഡി.എം.ഒ. ഇടുക്കി ആവാനാണ് സാധ്യതയെന്നും ഡി.എം.ഒ പറഞ്ഞു. ഇടുക്കി തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് ഇന്റന്‍ഷിപ്പിനു വേണ്ടി തൃശൂര്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് യുവാവിന് പനി ബാധിച്ചത്.
തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പനി മൂര്‍ച്ഛിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നത്.
യുവാവിനൊപ്പം ക്യാമ്പില്‍ പങ്കെടുത്ത 22 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ യുവാവുമായി അടുത്തിടപഴകിയ ആറു പേര്‍ നിരീക്ഷണത്തിലാണ്.
അതേസമയം, യുവാവു പഠിക്കുന്ന തൊടുപുഴയിലെ കോളെജും പരിസരും നിരീക്ഷനത്തിലാണെന്ന് ഇടുക്കി ഡി.എഫ്.എ അറിയിച്ചു. ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചെന്നും ഡി.എഫ്.ഒ അറിയിച്ചു.
യുവാവിനു നിപ ബാധയെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലം ലഭിക്കണമെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു.
‘എറണാകുളം ജില്ലിയിലെ പറവൂര്‍ സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. നിപയെന്ന് സംശയിക്കുന്നുണ്ട്. പൂര്‍ണമായി ഉറപ്പിക്കാന്‍ ആയിട്ടില്ല. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ഐസോലേഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെ’ന്നും മന്ത്രി പറഞ്ഞിരുന്നു.
ഈ രോഗിയുമായി എവിടെയെല്ലാം ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം നിരീക്ഷണത്തില്‍ തന്നെയാണെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.