നിപയെന്ന് സംശയം; എല്ലാ മുന്‍കരുതലും സ്വീകരിച്ചു; ആരോഗ്യമന്ത്രി കൊച്ചിയിലേക്ക്; രോഗിയുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍
Nipah virus
നിപയെന്ന് സംശയം; എല്ലാ മുന്‍കരുതലും സ്വീകരിച്ചു; ആരോഗ്യമന്ത്രി കൊച്ചിയിലേക്ക്; രോഗിയുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 10:20 am

കൊച്ചി: എറണാകുളത്ത് രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലം ലഭിക്കണമെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കെ.കെ ശൈലജ പറഞ്ഞു.

എറണാകുളം ജില്ലിയിലെ പറവൂര്‍ സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. നിപയെന്ന് സംശയിക്കുന്നുണ്ട്. പൂര്‍ണമായി ഉറപ്പിക്കാന്‍ ആയിട്ടില്ല.

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.

ഈ രോഗിയുമായി എവിടെയെല്ലാം ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം നിരീക്ഷണത്തില്‍ തന്നെയാണെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വേണ്ട തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും എല്ലാം എറണാകുളം മെഡിക്കല്‍ കോളേജില്‍ ഉണ്ട്. എറണാകുളത്തേക്ക് തിരിക്കുകയാണെന്നും ഇന്ന് തന്നെ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

നമ്മള്‍ കൂട്ടായ പരിശ്രമം നടത്തേണ്ടതുണ്ട്. ഭയപ്പെടേണ്ടതില്ല. രോഗിക്ക് പനി വന്നിട്ട് പത്ത് ദിവസമായി. ഇതിനുള്ളില്‍ സീരിയസായ കേസ് എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഠിന ചുമയും മറ്റും ഉണ്ടെങ്കില്‍ ആരും മറച്ചു വെക്കരുത്. ഡോക്ടര്‍മാരുടെ അടുത്ത് എത്തണം.

ഒരാള്‍ പോലും മരിക്കാന്‍ ഇടയാവാതെ സംരക്ഷിക്കണമെന്നതാണ്.ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയാവരുതെന്ന് ആഗ്രഹിക്കാം. അങ്ങനെ ആണെങ്കില്‍ തന്നെ ഭയപ്പെടരുത്. ധീരമായി നേരിടാന്‍ സാധിക്കണം.

മണിപ്പാലില്‍ നിന്ന് റിസള്‍ട്ട് വന്നാലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് പൂനെയിലേക്ക് അയച്ച് ഉറപ്പിക്കാന്‍ പറഞ്ഞത്.

കഴിഞ്ഞ തവണ ജൂണിലാണ് നിപാ പൂര്‍ണമായി ഒഴിവായതായത്. അതുകൊണ്ട് തന്നെ ഇക്കാലയളവിനുള്ളില്‍ വരാന്‍ സാധ്യതയില്ലെന്ന് പറയാന്‍ കഴിയില്ല.

കഴിഞ്ഞ തവണ സോഴ്‌സ് കണ്ടെത്തിയതുകൊണ്ട് പെട്ടെന്ന് മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.