Entertainment
വനിതാ താരങ്ങള്‍ ഇനിയും പ്രതിഫലം കുറയ്ക്കാന്‍ നിന്നാല്‍ അവസാനം ഞങ്ങള്‍ക്കൊന്നും ഉണ്ടാകില്ല: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 25, 08:27 am
Tuesday, 25th February 2025, 1:57 pm

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലക്ക് കഴിഞ്ഞു. താരസംഘടനയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നിഖില വിമല്‍.

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തോട് നിഖില പ്രതികരിച്ചു. കുറയ്ക്കാന്‍ മാത്രമുള്ള പ്രതിഫലം വനിതാ താരങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് നിഖില പറഞ്ഞു. ഇനിയും കുറയ്ക്കാന്‍ നിന്നാല്‍ തങ്ങള്‍ക്ക് അവസാനം ഒന്നും കിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും നിഖില കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്റെ ഉള്ളില്‍ നടക്കുന്ന പ്രശ്‌നം എന്താണെന്ന് തനിക്കറിയില്ലെന്നും നിഖില പറഞ്ഞു.

ഇപ്പോള്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതിന്റെ അന്തിമഫലം വന്നതിന് ശേഷമേ താന്‍ എന്തെങ്കിലും പറയുള്ളൂവെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയും മറ്റും നടക്കുന്നതിന്റെ ഇടയില്‍ തനിക്ക് അറിയാത്ത ഒരു കാര്യത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും നിഖില പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സംഘടനയില്‍ നടക്കുന്ന പ്രശ്‌നമെന്താണെന്ന് തനിക്ക് അറിയില്ലെന്നും നിഖില പറഞ്ഞു. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇതുപോലൊരു പ്രശ്‌നം ഉണ്ടായിരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ അന്തിമഫലം വരുമ്പോള്‍ വ്യക്തമായ ധാരണ കിട്ടുമെന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു.

‘ഫീമെയില്‍ പെര്‍സ്‌പെക്ടീവില്‍ നോക്കിക്കാണുകയാണെങ്കില്‍ കുറയ്ക്കാന്‍ മാത്രമുള്ള പ്രതിഫലം വനിതാ താരങ്ങള്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ഇനിയും ഞങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ നിന്നാല്‍ ഒടുക്കം ഞങ്ങള്‍ക്ക് ഒന്നും കിട്ടില്ല. ഇപ്പോള്‍ അസോസിയേഷന്റെ ഉള്ളില്‍ നടക്കുന്ന പ്രശ്‌നം എന്താണെന്ന് എനിക്കറിയില്ല. ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അതിന്റെയെല്ലാം റിസല്‍ട്ട് വരാതെ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. സംഘടനയില്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രശ്‌നം തുടങ്ങാന്‍ കാരണമെന്ന് പോലും എനിക്കറിയില്ല. ചര്‍ച്ചകളെല്ലാം കഴിഞ്ഞ് എന്‍ഡ് റിസല്‍ട്ട് വരുമ്പോള്‍ അതില്‍ കൃത്യമായൊരു ധാരണ കിട്ടുമായിരിക്കും. അതുവരെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal shares her opinion on producers association issue