ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ബ്യുസേജര്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് അടിച്ചെടുത്തത്.
വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 53 പന്തില്‍ എട്ട് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 98 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 184.91 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അസ്മത്തുള്ള ഒമര്‍സി താരത്തെ റണ്‍ ഔട്ട് ചെയ്യുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ജോണ്‍സണ്‍ കാര്‍ലെസ് 27 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 26 റണ്‍സും ഷായി ഹോപ്പ് 25 റണ്‍സും നേടി.
അതേസമയം നിക്കോളാസ് പൂരന്‍ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒരു ഇടിവെട്ട് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് നിക്കോളാസ് സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് പൂരന്‍ തകര്‍ത്താടിയത്.
അഫ്ഗാനിസ്ഥാന് വേണ്ടി അസ്മത്തുള്ള ഒമര്‍സസായി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഒരു വിക്കറ്റും ഗുല്‍ബാദിന്‍ നായിബ് രണ്ടു വിക്കറ്റും നേടി. നാലു ഓവറില്‍ 20 റണ്‍സ് വിട്ട് കൊടുത്ത നൂര്‍ അഹമ്മദും ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlight: Nicholas Pooran In Record Achievement