ന്യൂദൽഹി: ജയിലിൽ കഴിയുന്ന കശ്മീരി നേതാവ് എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുൾ റഷീദിന് ജൂലൈ 25 ന് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകി ദേശീയ അന്വേഷണ ഏജൻസി.
2019 മുതൽ ജയിലിൽ കഴിയുന്നതിനാൽ എഞ്ചിനീയർ റാഷിദിന് ജൂൺ 24 ന് 18-ാം ലോക്‌സഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അഡീഷണൽ ജഡ്‌ജി ചന്ദർ ജിത് സിങ് ചെവ്വാഴ്ച്ച ഹരജിയിൽ വിധി പറയും.
കശ്മീർ താഴ്‌വരയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കും വിഘടനവാദികൾക്കും ധനസഹായം നൽകിയെന്ന കേസിലാണ് എഞ്ചിനീയർ റാഷിദിനെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. നിലവിൽ അദ്ദേഹം തീഹാർ ജയിലിലാണ്.
ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തി ബാരാമുള്ള സീറ്റിൽ നിന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി റാഷിദ് വിജയിച്ചത്. 2,04,142 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ 47,2481 വോട്ടുകൾ നേടിയാണ് അദ്ദേഹം ബാരാമുള്ളയിൽ നിന്നും വിജയിച്ചത്.
എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം തേടി എൻജിനീയർ റാഷിദ് നൽകിയ അപേക്ഷയിൽ ജൂലൈ ഒന്നിനകം മറുപടി നൽകാൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) ദൽഹി കോടതി ശനിയാഴ്ച ആവശ്യപ്പെടുകയായിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചില നിബന്ധനകളോടെയാണ് റാഷിദിന് സത്യപ്രതിജ്ഞക്കുള്ള അനുമതി കൊടുത്തിരിക്കുനന്നതെന്ന് തിങ്കളാഴ്ച എൻ.ഐ.എ യുടെ അഭിഭാഷകൻ പറഞ്ഞു.
ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട അസമിലെ ജയിലിൽ കഴിയുന്ന എം.പി അമൃത്പാൽ സിങ്ങിനും പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്നുമാണ് അമൃത്പാൽ സിങ് വിജയിച്ചത്.
Content Highlight: NIA allows Engineer Rashid take oath as MP