ലയണല്‍ മെസിക്ക് പി.എസ്.ജി വിടേണ്ടി വന്ന സാഹചര്യം അദ്ദേഹം അര്‍ഹിക്കുന്ന തരത്തില്‍ ആയിരുന്നില്ലെന്ന് നെയ്മര്‍. ജയത്തിന് വേണ്ടി പരിശ്രമിച്ചിട്ടും മെസിക്ക് പി.എസ്.ജി വേണ്ട പരിഗണന നല്‍കിയില്ലെന്നും അദ്ദേഹത്തെ പാരീസിയന്‍സ് വിമര്‍ശിച്ചിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു. ഗ്ലോബ്‌സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഫുട്‌ബോളില്‍ സംസാരിക്കുകയാണെങ്കില്‍ മെസിക്ക് പി.എസ്.ജി വിടേണ്ടി വന്ന സാഹചര്യം അദ്ദേഹം ഒരിക്കലും അര്‍ഹിക്കുന്നില്ല. നന്നായി പരിശീലനം നടത്തുന്ന, ഫൈറ്റ് ചെയ്യുന്ന, തോല്‍വി വഴങ്ങേണ്ടി വരുമ്പോള്‍ ദേഷ്യപ്പെടുന്ന വ്യക്തിയാണ് മെസി.
അത് അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി.എസ്.ജിയില്‍ മെസിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം ലോക ചാമ്പ്യനായപ്പോള്‍ ഞാന്‍ അതിയായി സന്തോഷിച്ചിരുന്നു. സോക്കര്‍ ഇത്തവണ മനോഹരമായിരുന്നു. ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ മെസി അര്‍ഹനാണ്,’ നെയ്മര്‍ പറഞ്ഞു.
അമേരിക്കയിലെത്തിയതിന് ശേഷം എം.എല്‍.എസ് ലീഗില്‍ മികച്ച പ്രകടനമാണ് ലയണല്‍ മെസി കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെ മേജര്‍ സോക്കര്‍ ലീഗില്‍ നടന്ന മെസിയുടെ അരങ്ങേറ്റ മത്സരത്തിലും ജയം ഇന്റര്‍ മയാമിക്കൊപ്പമായിരുന്നു.
ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.
ലീഗ് വണ്‍ ജയന്റ്സായ പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 28ന് അല്‍ ഇത്തിഫാഖിനെതിരായ മത്സരത്തില്‍ നെയ്മര്‍ അല്‍ ഹിലാല്‍ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ജയന്റ്സായ മുംബൈ സിറ്റിക്കെതിരെ കളിക്കാന്‍ നെയ്മറും അല്‍ ഹിലാലും ഇന്ത്യന്‍ മണ്ണിലെത്തും. ഗ്രൂപ്പ് തെരഞ്ഞെടുപ്പില്‍ അല്‍ ഹിലാലും മുംബൈയും ഒരു ഗ്രൂപ്പില്‍ വന്നതോടെയാണ് നെയ്മര്‍ ഇന്ത്യയിലെത്താനുള്ള സാധ്യതകള്‍ സജീവമായത്.