ഫുട്‌ബോളില്‍ നിങ്ങളാണ് എന്റെ മനസിലെ വിഗ്രഹം, എല്ലാത്തിനും നന്ദി; മെസിക്ക് ട്രിബ്യൂട്ടുമായി നെയ്മര്‍; കണ്ണുനിറഞ്ഞ് ആരാധകര്‍
Sports News
ഫുട്‌ബോളില്‍ നിങ്ങളാണ് എന്റെ മനസിലെ വിഗ്രഹം, എല്ലാത്തിനും നന്ദി; മെസിക്ക് ട്രിബ്യൂട്ടുമായി നെയ്മര്‍; കണ്ണുനിറഞ്ഞ് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd August 2022, 3:22 pm

 

ലീഗ് വണ്ണിലെ വമ്പന്‍ ജയവുമായിട്ടായിരുന്നു പി.എസ്.ജി തങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. കഴിഞ്ഞ സീസണില്‍ തങ്ങളെ മറികടന്ന് ലീഗ് വണ്ണിന്റെ കിരീടമണിഞ്ഞ ലില്ലെയെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചായിരുന്നു പി.എസ്.ജി വിജയം സ്വന്തമാക്കിയത്.

ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ വിളയാട്ടം. എംബാപ്പെ ഹാട്രിക് തികച്ച മത്സരത്തില്‍ നെയ്മര്‍ ഡബിളും മെസി, ഹക്കീമി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടിയിരുന്നു.

മത്സരത്തിലുടനീളം പാരീസ് സൂപ്പര്‍ താരങ്ങള്‍ വെച്ചുപുലര്‍ത്തിയ ടീം കെമിസ്ട്രി അത്ഭുതാവഹമായിരുന്നു. ആറ് ഗോളിന്റെ വിജയത്തേക്കാള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കാര്യവും ഇതുതന്നെയായിരുന്നു.

എന്നാല്‍, മത്സരശേഷം ആരാധകര്‍ ആഹ്ലാദത്തിന്റെ പരകോടിയിലായിരുന്നു എത്തിയത്. പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടതിന് പിന്നാലെയായിരുന്നു ആരാധകര്‍ ആവേശത്തിലായത്.

മെസിയുടെയും തന്റെയും ചിത്രത്തിനൊപ്പം, Ídolo e Amigo, Obrigado Futebol (Idol and friend, Thank you football) എന്ന താരത്തിന്റെ ക്യാപ്ഷനായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.

View this post on Instagram

A post shared by NJ 🇧🇷 (@neymarjr)

നെയ്മര്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ആരാധകര്‍ ആ ചിത്രമങ്ങ് ഏറ്റെടുക്കുകയായിരുന്നു. ആരാധകര്‍ മാത്രമല്ല, നെയ്മറിന്റെയും മെസിയുടെയും സഹതാരമായ ലിയാന്‍ഡ്രോ പരേഡസ് അടക്കമുള്ള നിരവധി താരങ്ങള്‍ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരുന്നു.

അത്രമാത്രം മികച്ച പ്രകടനമായിരുന്നു പി.എസ്.ജി ലില്ലെയ്‌ക്കെതിരെ നടത്തിയത്. ആദ്യ വിസില്‍ മുഴങ്ങിയ നിമിഷങ്ങള്‍ക്കകം തന്നെ എതിരാളികളെയും സ്വന്തം ആരാധകരെയും ഞെട്ടിച്ച പി.എസ്.ജി മത്സരത്തിലുടനീളം ആ ‘ഞെട്ടിക്കല്‍’ തുടര്‍ന്നുകൊണ്ടേയിരുന്നു.

മത്സരത്തിലെ ആദ്യ മിനിട്ട് മുതല്‍ തന്നെ പി.എസ്.ജി എതിരാളികളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരം തുടങ്ങി വെറും എട്ട് സെക്കന്‍ഡ് ആയപ്പോഴേക്കും പി.എസ്.ജിയുടെ ആദ്യ ഗോള്‍ പിറന്നു. മെസിയുടെ സൂപ്പര്‍ അസിസ്റ്റില്‍ എംബാപ്പെയായിരുന്നു പി.എസ്.ജിക്കായി ആദ്യ ഗോള്‍ നേടിയത്.

27ാം മിനിട്ടിലായിരുന്നു പി.എസ്.ജി വീണ്ടും എതിരാളികളുടെ വലകുലുക്കിയത്. ലയണല്‍ മെസിയായിരുന്നു രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.

 

പിന്നീടങ്ങോട്ട് പി.എസ്.ജിയുടെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. 39ാം മിനിട്ടില്‍ നെയ്മറിന്റെ അസിസ്റ്റില്‍ ഹക്കീമി ഗോള്‍ നേടി. 43ാം മിനിട്ടില്‍ നെയ്മറും ഗോള്‍വേട്ടയില്‍ പങ്കുചേര്‍ന്നപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ പി.എസ്.ജി നാല് ഗോള്‍ സ്വന്തമാക്കിയിരുന്നു.

പി.എസ്.ജിയുടെ ബാക്കി മൂന്ന് ഗോള്‍ പിറന്നത് രണ്ടാം പകുതിയിലായിരുന്നു. നെയ്മര്‍ ഒരെണ്ണം കൂടി വലയിലെത്തിച്ചപ്പോള്‍ എംബാപ്പെ രണ്ട് തവണ വല കുലുക്കി ഹാട്രിക്ക് പൂര്‍ത്തിയാക്കി. 54ാം മിനിട്ടില്‍ ജോനാഥന്‍ ബമ്പയാണ് ലില്ലെക്കായി ആശ്വാസ ഗോള്‍ നേടിയത്.

ആഗസ്റ്റ് 29നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. മൊണാക്കോയാണ് എതിരാളികള്‍.

 

Content Highlight: Neymar pays tribute to his idol Lionel Messi