നെക്‌സസ് 5 ല്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ലെന്ന് പരാതി
Big Buy
നെക്‌സസ് 5 ല്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ലെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th November 2014, 12:02 pm

nexes01ഗൂഗിള്‍ നെക്‌സസ് 5 ന്റെ ബാറ്ററിയില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ലെന്ന് പരാതി. ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ലെന്നും ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടി വരുന്നു എന്നുമാണ് ഉപഭോക്താക്കള്‍ പറയുന്നത്.

1.72 ലക്ഷം ഉപഭോക്താക്കളാണ് നെക്‌സസ് 5 ന് ഇന്ത്യയില്‍ ഉള്ളത്. 2013 നവംബറിലാണ് ഈ ഫോണ്‍ പുറത്തിറങ്ങിയിരുന്നത്. കുറച്ചുമാസങ്ങള്‍ക്കിടെ തന്നെ ധാരാളം പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

“ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ലാപ് ടോപ്പില്‍ കണക്ട് ചെയ്തതായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ചാര്‍ജ്ജര്‍ ചൂടാവാന്‍ തുടങ്ങി. ഞാന്‍ ചാര്‍ജ്ജര്‍ ഡിസ്‌കണക്ട് ചെയ്യുകയും വീണ്ടും നെക്‌സസ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയിപ്പോള്‍ യു.എസ്.ബിയും ചാര്‍ജ്ജറും ചൂടാവുകയും ചാര്‍ജ്ജ് ചെയ്ത പ്ലഗ്ഗില്‍ നിന്ന് കരിഞ്ഞ മണം വരുകയും ചെയ്തു.” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉപഭോക്താവ് പറഞ്ഞു

30 മിനുറ്റിന് ശേഷം വീണ്ടും ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇതേ സംഭവം തന്നെ ആവര്‍ത്തിച്ചതായും അവര്‍ വ്യക്തമാക്കി.

ഷോട്ട് സെര്‍ക്ക്യൂട്ടാണ് ചാര്‍ജ്ജര്‍ ചൂടാവാനും കരിഞ്ഞ മണം വരാനും കാരണം എന്നാണ് എല്‍.ജി സര്‍വീസ് സെന്ററില്‍ നിന്ന് അവരോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ വാറന്റി അനുവദിച്ചു തന്നില്ലെന്നും കേടായ ഭാഗങ്ങള്‍ മാറ്റാന്‍ പണം നല്‍കേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.

50 മുതല്‍ 60 ഷതമാനം വരെ ചാര്‍ജ്ജാകുമ്പോഴേക്കും ചാര്‍ജ്ജിങ് നില്‍ക്കുന്നെന്നും 100 ശതമാനം ചാര്‍ജ്ജായ ഫോണിന്റെ ചാര്‍ജ്ജ് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കകം 35-40 ശതമാനം വരെയാകുന്നെന്നുമുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്.

“ഫോണ്‍ 100 ശതമാനം ചാര്‍ജ്ജാവാന്‍ ഒരുപാട് സമയം എടുക്കുന്നു. എന്നാല്‍ ചാര്‍ജ്ജ് രണ്ട് മണിക്കൂറിനുള്ളില്‍ തീരുകയും ചെയ്യുന്നു. യു.എസ്.ബി വഴി വളരെ പതുക്കെ മാത്രമാണ് ചാര്‍ജ്ജാവുന്നത്.” സ്ഥിതിവിവരക്കണക്ക് നിരീക്ഷകനായ മുക്തി ലാമ്പ പറഞ്ഞു.

ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലെ ഒരു കമ്പനിയുടെ മാനേജരായ ഭാവനാ ശര്‍മ്മയ്ക്കും ഇതേ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നതായി അഭിപ്രായപ്പെട്ടു. ” എനിക്കും ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കാത്ത പ്രശ്‌നം ഉണ്ട്. വളരെ പെട്ടെന്നാണ് ഫോണിലെ ചാര്‍ജ്ജ് തീരുന്നത്. ദിവസവും മൂന്നും നാലും തവണ ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടിവരുന്നു.” അവര്‍ പറഞ്ഞു.

ഫോണ്‍ മൂന്ന് തവണ ചാര്‍ജ്ജ് ചെയ്യേണ്ടിവരുന്നതായും ഫോണിന്റെ ആപ്പ്‌സ് പ്രശ്‌നമാകുന്നത് കാരണം 10 മുതല്‍ 12 തവണ വരെ ഫോണ്‍ ഓഫാവുകയും ഓണാവുകയും ചെയ്യുന്നതായും മറ്റൊരു ഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിതനാവുകയാണെന്നും മേര്‍സെഡെസ് ഡീലര്‍ഷിപ്പിലെ മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥനായ ജയ് വിര്‍ക്ക് പറയുന്നു.

” അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ്ജ് തീരുന്നു. ഒരു ദിവസം കുറഞ്ഞത് രണ്ട് തവണയെങ്കിലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടിവരുന്നു. ഫോണ്‍ ചാര്‍ജ്ജാവാന്‍ 45 മിനുറ്റ് മുതല്‍ നാല് മണിക്കൂര്‍ വരെയാണ് വേണ്ടിവരുന്നത്.” ഗോവയിലെ ഇന്റസ്ട്രിയല്‍ ഡിസൈനറായി ജോലി ചെയ്യുന്ന ദക്ഷ് ബഹുഗുണ പറഞ്ഞു.

എന്നാല്‍ ബാറ്ററി പ്രശ്‌നവവുമായി എത്തുന്നവരുടെ എണ്ണം വളരെക്കുറവാണെന്നാണ് എല്‍.ജി ഇന്ത്യ പറയുന്നത്. നെക്‌സസ് 5ന്റെ ബാറ്ററി പ്രശ്‌നത്തെക്കുറിച്ച് ഇതുവരെ ആരും പറഞ്ഞിട്ടില്ല എന്നാണ് ഗൂഗിള്‍ ഇന്ത്യ ഇ-മെയിലിലൂടെ അറിയിച്ചത്.