ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് നിര്‍ണായക മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനത്തില്‍ അടുത്ത 125 ദിവസങ്ങള്‍ നിര്‍ണ്ണായകമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രോഗവ്യാപനം തടയാന്‍ ആവശ്യമായ ഹേര്‍ഡ് ഇമ്മ്യൂണിറ്റി രാജ്യം ഇതുവരെ കൈവരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തടയാനുള്ള വഴികള്‍ ജനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു.
‘കൊവിഡിനെതിരെ രാജ്യം ആര്‍ജിത പ്രതിരോധശേഷി കൈവരിച്ചിട്ടില്ല. രോഗവ്യാപനം ഇപ്പോള്‍ കൂടുകയാണ്. അതിന് തടയിടേണ്ടത് അത്യാവശ്യമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ ഈ സ്ഥിതിയില്‍ നിന്ന് മോചനം നേടാനാകു. അടുത്ത 125 ദിവസങ്ങള്‍ നിര്‍ണായകമാണ്,’ വി.കെ. പോള്‍ പറഞ്ഞു.
അതിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും മൂന്നാം തരംഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഈ നിര്‍ദ്ദേശം.
നേരത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഐ.സി.എം.ആറിലെ മുതിര്‍ന്ന ഡോക്ടര്‍ സമിരന്‍ പാണ്ഡെ പറഞ്ഞിരുന്നു.