'സമരം വേണ്ട'; ആരോഗ്യ പ്രവര്‍ത്തകരുടെ പണിമുടക്കിന് കൂച്ചുവിലങ്ങിടാന്‍ സിംബാവെ സര്‍ക്കാര്‍
World News
'സമരം വേണ്ട'; ആരോഗ്യ പ്രവര്‍ത്തകരുടെ പണിമുടക്കിന് കൂച്ചുവിലങ്ങിടാന്‍ സിംബാവെ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th January 2023, 9:01 pm

ഹരാരെ: ആഫ്രിക്കന്‍ രാജ്യമായ സിംബാവെയില്‍ സമരം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തടവുശിക്ഷയടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍. നഴ്സുമാര്‍, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പണിമുടക്ക് നടത്തുന്നതിനെ വിലക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.

ഇത്തരത്തില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും ആറ് മാസം വരെ തടവുശിക്ഷ നല്‍കുന്ന നിയമമാണ് ഇതെന്ന് ഔദ്യോഗിക മാധ്യമവും സര്‍ക്കാര്‍ വക്താവും വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയായിരുന്നു വ്യവസ്ഥയില്‍ പ്രസിഡന്റ് എമേഴ്‌സണ്‍ മംഗഗ്വ (Emmerson Mnangagwa) ഒപ്പുവെച്ച് നിയമമാക്കിയതെങ്കിലും ബുധനാഴ്ചയാണ് ഇത് പ്രാബല്യത്തില്‍ വരുത്തിയത്. ആരോഗ്യപ്രവര്‍ത്തകരെ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് മൂന്ന് ദിവസം വരെ പണിമുടക്കാമെന്നാണ് നിയമത്തിന്റെ വ്യവസ്ഥയില്‍ പറയുന്നത്.

സമരത്തിന്റെ സമയത്തും ആരോഗ്യ രംഗത്തുള്ളവര്‍ എമര്‍ജന്‍സി സര്‍വീസുകള്‍ നല്‍കുന്നത് തുടരണമെന്നും സര്‍ക്കാര്‍ വക്താവ് നിക്ക് മംഗ്വാന ട്വീറ്റ് ചെയ്തു.

അടിസ്ഥാന സൗകര്യങ്ങളുടെയും മരുന്നുകളുടെ ദൗര്‍ലഭ്യവും ആരോഗ്യപ്രവര്‍ത്തകരുടെ തുടര്‍ച്ചയായുള്ള സമരവും കാരണം സിംബാവെയിലെ ആരോഗ്യരംഗം വര്‍ഷങ്ങളായി മോശമായ അവസ്ഥയിലാണുള്ളത്.

സിംബാവെയുടെ അയല്‍രാജ്യമായ സൗത്ത് ആഫ്രിക്കയിലും സാംബിയയിലും ആരോഗ്യപ്രവര്‍ത്തകര്‍ പണിമുടക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും ഇത്ര കടുത്ത ശിക്ഷാ നടപടികള്‍ ഇല്ല.

ശമ്പളത്തിന്റെ കാര്യത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രധാനമായും പണിമുടക്കുന്നത്. തൊഴിലില്ലായ്മയും രാജ്യത്ത് വളരെ ഉയര്‍ന്ന നിരക്കിലാണുള്ളത്.

ഒരുകാലത്ത് മികച്ച പൊതുജനാരോഗ്യ സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്ന രാജ്യമായിരുന്നു സിംബാവേ. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ നഴ്‌സുമാരും ഡോക്ടര്‍മാരുമടക്കം പുറം രാജ്യങ്ങളില്‍, പ്രധാനമായും ബ്രിട്ടനില്‍ കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ തേടി പോകുകയാണ് എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: New Zimbabwe law threatens health workers with jail over strikes