സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ഇന്നിങ്‌സില്‍ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ന്യൂസിലാന്‍ഡ്. ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 528 റണ്‍സിന്റെ ലീഡുമായാണ് ന്യൂസിലാന്‍ഡ് മത്സരത്തില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 511 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് എതിരാളികള്‍ക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്.
കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്രയുടെ ഇരട്ട സെഞ്ച്വറിയുമാണ് ബ്ലാക് ക്യാപ്സിന് മികച്ച ഒന്നാം ഇന്നിങ്സ് സ്‌കോര്‍ നേടിക്കൊടുത്തത്.
A big lead on the first innings for New Zealand as the hosts opt to bat again in a crucial #WTC25 encounter.#NZvSA scorecard 📲 https://t.co/cWSERg6eZS pic.twitter.com/vBAIFMWQAR
— ICC (@ICC) February 6, 2024
കെയ്ന്‍ വില്യംസണ്‍ 289 പന്ത് നേരിട്ട് 118 റണ്‍സ് നേടിയപ്പോള്‍ 366 പന്തില്‍ 240 റണ്‍സ് സ്വന്തമാക്കിയാണ് ന്യൂസിലാന്‍ഡിന്റെ ഭാവി താരം കളം നിറഞ്ഞാടിയത്. 26 ബൗണ്ടറിയും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി തന്നെ ഇരട്ട സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്താണ് രചിന്‍ തകര്‍ത്തടിച്ചത്.
തുടര്‍ന്ന് ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയെ വെറും 162 റണ്‍സിനാണ് ബ്ലാക് ക്യാപ്സ് എറിഞ്ഞിട്ടത്. 132 പന്തില്‍ 45 റണ്‍സ് നേടിയ കീഗന്‍ പീറ്റേഴ്സണാണ് പ്രോട്ടിയാസിന്റെ ടോപ് സ്‌കോറര്‍.
ന്യൂസിലാന്‍ഡിനായി മിച്ചല്‍ സാന്റ്നറും മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രചിന്‍ രവീന്ദ്രയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റ് വീതം നേടി.
349 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ടോം ലാഥമിനെ കിവികള്‍ക്ക് നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി വില്യംസണെത്തിയതോടെ ന്യൂസിലാന്‍ഡ് വീണ്ടും ഡ്രൈവിങ് സീറ്റിലേക്കെത്തി.
ആദ്യ ഇന്നിങ്‌സിലേതന്ന പോലെ രണ്ടാം ഇന്നിങ്‌സിലും വില്യംസണ്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ വീണ്ടും ഉയര്‍ന്നു. 132 പന്തില്‍ 109 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. 12 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇതോടെ ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന അഞ്ചാമത് ന്യൂസിലാന്‍ഡ് താരം എന്ന നേട്ടവും വില്യംസണ്‍ സ്വന്തമാക്കി.
മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 179ന് നാല് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 528 റണ്‍സിന്റെ ലീഡും നിലവില്‍ ടീമിനുണ്ട്. ഇതേ പ്രകടനം തുടര്‍ന്നാല്‍ ന്യൂസിലാന്‍ഡ് ടോട്ടല്‍ 700 കടക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Day 3 comes to a close with a lead of 528 runs. Kane Williamson (109) following his 30th Test century in the 1st innings with his 31st in the team’s second innings. Catch up on all scores | https://t.co/bum67WNaOD 📲#NZvSA #CricketNation pic.twitter.com/rzhPOiFK1r
— BLACKCAPS (@BLACKCAPS) February 6, 2024
ന്യൂസിലാന്‍ഡിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് പ്രകടനങ്ങളും ആരാധകര്‍ ചര്‍ച്ചയുടെ ഭാഗമാക്കുകയാണ്. ഒരു കാലത്ത് ഇന്ത്യയും ഇത്തരത്തില്‍ ബാറ്റ് ചെയ്തിരുന്നുവെന്നും റണ്‍സ് നേടിയിരുന്നുവെന്നുമാണ് ആരാധകര്‍ ഓര്‍മിച്ചെടുക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലം തിരിച്ചുവരുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ചതോടെ 1-1ന് ഇന്ത്യ ഒപ്പമെത്തിയിരിക്കുകയാണ്. വിശാഖ പട്ടണത്തില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
Content highlight: New Zealand vs South Africa: 1st Test: Day 3 updates