ഇന്ത്യയില്‍ ആളുകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന താരങ്ങളുടെ ലിസ്റ്റ് വെളിപ്പെടുത്തി ഗാംബ്ലിങ് ഡോട്ട് കോം. ഇവരുടെ പഠനത്തിന്റെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയാണ് ആളുകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നുകൊണ്ട് സൂപ്പര്‍ താരം ദീപക് ഹൂഡ രണ്ടാം സ്ഥാനത്തെത്തി. രോഹിത് പട്ടികയില്‍ മൂന്നാമതാണ്.
ഇന്ത്യ തന്നെ ഓസ്‌ടേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പില്‍ വിജയിക്കുമെന്ന് പറഞ്ഞ ആരാധകര്‍ വിരാടിന്റെ കരുത്തിലാണ് വിശ്വാസമര്‍പ്പിക്കുന്നത്.
ഏഷ്യാ കപ്പില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ഇപ്പോഴുള്ള ലോകകപ്പ് ടീമില്‍ ആരാധകരുടെ പ്രതീക്ഷയേറെയാണ്. 2007ലെ ഉദ്ഘാടന സീസണില്‍ ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം ഒരിക്കല്‍ പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല എന്ന നിരാശ 2022 ഓടെ അവസാനിക്കുമെന്നാണ് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഗൂഗിള്‍ ട്രെന്‍ഡിനെ അടിസ്ഥാനപ്പെടുത്തിയ ഇവരുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റിന് 750 ശതമാനം വളര്‍ച്ചയാണ് ഇന്റര്‍നെറ്റ് ലോകത്തില്‍ ഉണ്ടായിട്ടുള്ളത്.
ടീമിനെ കുറിച്ചും സൂപ്പര്‍ താരങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുമ്പോള്‍ ഏതെങ്കിലും താരത്തിന് ആളുകളുടെ പ്രത്യേക സ്‌നേഹം ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ ആര്? എന്നെല്ലാം മനസിലാക്കാനാണ് ഗാംബ്ലിങ് ഡോട്ട് കോം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ 12 മാസക്കാലയളവില്‍ ലോകകപ്പ് സ്‌ക്വാഡിലെ ഓരോ ഇന്ത്യന്‍ താരത്തെയും കുറിച്ചുള്ള ട്വീറ്റുകള്‍ നിരീക്ഷിച്ചുകൊണ്ടാണ് ഏറ്റവുമധികം പ്രശംസ നേടിയ താരം ആരാണെന്ന നിഗമനത്തില്‍ ഇവര്‍ എത്തിയിരിക്കുന്നത്.
ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയെ കുറിച്ച് 64.50 ശതമാനം ആളുകള്‍ക്കും നല്ലത് മാത്രം പറയാനുണ്ടായിരുന്നപ്പോള്‍ 4.66 ശതമാനം ആളുകള്‍ നെഗറ്റീവായ പ്രസ്താവനകളാണ് പങ്കുവെച്ചത്.
രണ്ടാമതുള്ള ദീപക് ഹൂഡയെ കുറിച്ച് 51.90 ശതമാനം ആളുകളും പോസ്റ്റീവ് സ്‌റ്റേറ്റ്‌മെന്റുകള്‍ പങ്കുവെച്ചപ്പോള്‍ 10.30 ശതമാനം ആളുകള്‍ നെഗറ്റീവും പറഞ്ഞു.
രോഹിത് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്ന താരമായിരുന്നു സഞ്ജു സാംസണ്‍. താരത്തെ ഇന്ത്യന്‍ ടീം തഴഞ്ഞപ്പോഴെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കതെ വന്നതിന് പിന്നാലെ പട്ടികയിലും ഇടം നേടാന്‍ സഞ്ജുവിനായിട്ടില്ല.