തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഇനി ഫോണ്‍ കോളുകള്‍ മൂന്ന് റിങ്ങിനുള്ളില്‍ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശം. സംസാരിക്കുന്ന ഉദ്യോഗസ്ഥന്‍ ഏറ്റവും സൗമ്യമായ ഭാഷയിലായിരിക്കണം സംസാരിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.
പഞ്ചായത്തുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റം തുടങ്ങിയവയ്ക്കായാണ് പുതിയ മാറ്റം. നല്‍കുന്ന സേവനങ്ങളുടെ വേഗം, കാര്യക്ഷമത തുടങ്ങിയവ വര്‍ധിപ്പിക്കുക എന്നതാണ് പുതിയ മാറ്റം വഴി ഉദ്ദേശിക്കുന്നത്.
ഫോണ്‍ എടുക്കുമ്പോഴും വിളിക്കുമ്പോഴും ഉദ്യോഗസ്ഥന്‍ പേര്, ഓഫീസ്, തസ്തിക ഉള്‍പ്പെടെ സ്വയം പരിചയപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഫോണ്‍ കട്ടു ചെയ്യുന്നതിന് മുമ്പ് വേറെ ആര്‍ക്കെങ്കിലും കൈമാറേണ്ടതുണ്ടോ എന്ന് വിളിക്കുന്നയാളോട് ചോദിക്കണം. ശബ്ദ സന്ദേശമാണ് വരുന്നതെങ്കിലും കൃത്യമായ മറുപടി നല്‍കണം.
വ്യക്തമായും ആവശ്യമായ ഉച്ചത്തിലുമായിരിക്കണം വിളിക്കുന്നയാളോട് സംസാരിക്കേണ്ടത്. സംഭാഷണം അവസാനിപ്പിക്കുന്ന വേളയില്‍ വിളിച്ചയാളോട് നന്ദി പറയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പഞ്ചായത്ത് ഡയറക്ടര്‍ എം.പി. അജിത് കുമാറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന കാര്യം മേലധികാരികള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.