ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും മാത്രമല്ല, ലോകകപ്പിന്റെ വിധി നിര്‍ണയിക്കാന്‍ ഇവരുമുണ്ടാകും; ടി-20 ലോകകപ്പില്‍ തരംഗമാവാനൊരുങ്ങി കുഞ്ഞന്‍മാരിലെ കരുത്തര്‍
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനൊരുങ്ങുന്ന ടി-20 ലോകകപ്പിന് യോഗ്യത നേടി നെതര്‍ലന്‍ഡ്‌സും സിംബാബ്‌വേയും. ക്വാളിഫയര്‍ ബിയിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ വിജയിച്ചതോടെയാണ് ഇരുവരും ലോകകപ്പിന് യോഗ്യത നേടിയത്.
സെമിയില്‍ അമേരിക്കയെ തോല്‍പിച്ചുകൊണ്ടായിരുന്നു നെതര്‍ലന്‍ഡ്‌സ് ഫൈനലും ലോകകപ്പ് ബര്‍ത്തും ഉറപ്പിച്ചത്. പപ്പുവാ ന്യൂ ഗിനിയയെ തകര്‍ത്തായിരുന്നു ആന്‍ഡി ഫ്‌ളവറിന്റെയും ഹെന്റി ഒലാങ്കയുടെയും പിന്‍മുറക്കാര്‍ ലോകകപ്പിനെത്തുന്നത്.
നെതര്‍ലന്‍ഡ്‌സ് – അമേരിക്ക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ 19.4 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ശേഷമായിരുന്നു മെന്‍ ഇന്‍ ഓറഞ്ചിന്റെ തേരോട്ടം.
51 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയതിന് ശേഷമായിരുന്നു അമേരിക്കയുടെ പതനം ആരംഭിച്ചത്. ഇന്‍ ഫോം ബാറ്റര്‍മാരായ സ്റ്റീവന്‍ ടെയ്‌ലറും ക്യപ്റ്റന്‍ മൊനാങ്ക് പട്ടേലും ചേര്‍ന്ന് ഒരുവേള അമേരിക്കന്‍ പടയെ 200 കടത്തുമെന്ന് തോന്നിച്ചെങ്കിലും നെതര്‍ലന്‍ഡ്‌സ് അവരെ എറിഞ്ഞിടുകയായിരുന്നു.
26 റണ്‍സെടുത്ത ടെയ്‌ലറായിരുന്നു ഹോളണ്ട് ബൗളിങ്ങിന്റെ ആദ്യ ഇര. ടൂര്‍ണമെന്റില്‍ ടെയ്‌ലറിന്റെ മോശം സ്‌കോറാണിത്. തുടര്‍ന്ന് വിക്കറ്റുകളുടെ പെരുമഴ പെയ്തപ്പോള്‍ അമേരിക്കന്‍ ഇന്നിങ്‌സ് 138ല്‍ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിചയസമ്പന്നരായ റെഗിസ് ചകാബ്‌വ-ക്രെയിഗ് എവര്‍ട്ടണ്‍ സഖ്യം മികച്ച രീതിയില്‍ തന്നെ തുടങ്ങിയപ്പോള്‍ മിഡില്‍ ഓര്‍ഡര്‍ താരങ്ങളും ആഞ്ഞടിച്ചു. ഒടുവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ 199 റണ്‍സാണ് സിംബാബ്‌വേ അടിച്ചുകൂട്ടിയത്.
ഒരു ഓവറില്‍ പത്ത് റണ്‍സ് എന്ന റിക്വയര്‍ഡ് റണ്‍റേറ്റുമായി കളി തുടങ്ങിയ പപ്പുവാ ന്യൂ ഗിനിയയും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ടീം പതറി.
കരുത്തനായ ടോണി ഉരയ്ക്കും കാലിടറിയതോടെ ന്യൂ ഗിനിയന്‍ ഇന്നിങ്‌സ് 27 റണ്‍സകലെ അവസാനിക്കുകയായിരുന്നു.
ടോണി ഉര
ജൂലൈ 17 ഞായറാഴ്ചയാണ് ക്വാളിഫയര്‍ ബിയിലെ ഫൈനല്‍ മത്സരം.
ലോകകപ്പിന് അവസാനം യോഗ്യത നേടിയ ടീമുകളാണ് സിംബാബ്‌വേയും നെതര്‍ലന്‍ഡ്‌സും. ഇരുവരും ആദ്യ റൗണ്ടില്‍ കളിക്കും.
ടൂര്‍ണമെന്റില്‍ കറുത്ത കുതിരകളാവാന്‍ ഇരുവരും ഒരുങ്ങുമ്പോള്‍ വമ്പന്‍ ടീമുകളെ അട്ടിമറിക്കാന്‍ പോന്ന അയര്‍ലന്‍ഡും യു.എ.ഇയും നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ ടിക്കറ്റ് ഉറപ്പിച്ചിരുന്നു.
Content Highlight: Netherlands And Zimbabwe Qualify For The ICC T20 World Cup 2022 In Australia