Worldnews
ഇസ്രഈലിനെ അക്രമിച്ചാല്‍ ഇറാന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് നെതന്യാഹു; പ്രതികരണം യു.എസ് സേനയ്ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തിനു പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 08, 11:40 am
Wednesday, 8th January 2020, 5:10 pm

ജെറുസലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക എന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. ജെറുസലേമിലെ ഒരു പൊതു പ്രസംഗത്തിലാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്.

അതേ സമയം ഇറാന്‍ യു.എസ് സേനയ്ക്ക് നേരെ നടത്തിയ ആക്രമണത്തെ പറ്റി പ്രത്യക്ഷത്തില്‍ നെതന്യാഹു പരാമര്‍ശിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാനിലെ ഖുദ്‌സ് സേന കമാന്‍ഡറുടെ കൊല്ലപ്പെടലില്‍ വലിയ ജനരോഷമാണ് അമേരിക്കക്കെതിരെയും ഇസ്രഈലിനെതിരെയും ഉയരുന്നത്. ഇറാനിലെ തെരുവിലുകളിലുടനീളം ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ നശിപ്പിക്കുകയും അമേരിക്കയോടും ഇസ്രഈലിനോടും പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്.

കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖുദ്‌സ് ഫോഴ്‌സും ഇസ്രഈല്‍ സേനയും തമ്മില്‍ കടുത്ത സംഘര്‍ഷമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്.

കൊല്ലപ്പെട്ട ഖാസിം സുലൈമാനി ഇസ്രഈലിനെതിരെ ലെബനനിലെ ഹിസ്‌ബൊള്ള ഗ്രൂപ്പിനും ഫലസ്തീനിലെ ഹമാസിനും സൈനിക സഹായം നല്‍കുന്നുണ്ടെന്നാണ് ഇസ്രഈലിന്റെ ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖാസിം സുലൈമാനിക്കു നേരെ നടന്ന വധശ്രമങ്ങള്‍ക്കു പിന്നില്‍ ഇസ്രഈലായിരുന്നെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.