Kerala News
കോണ്‍ഗ്രസ് സമരത്തിനെതിരെ സ്ത്രീ അധിക്ഷേപ പരാമര്‍ശവുമായി നെന്മാറ എം.എല്‍.എ കെ. ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 14, 10:50 am
Tuesday, 14th June 2022, 4:20 pm

പാലക്കാട്: സ്ത്രീ അധിക്ഷേപ പ്രസംഗവുമായി നെന്മാറ എം.എല്‍.എ കെ. ബാബു. കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് എം.എല്‍.എ അധിക്ഷേപം നടത്തിയത്.

നെന്മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധയോഗത്തിലാണ് കെ. ബാബുവിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മുന്‍ ഏരിയ സെക്രട്ടറി കെ. രമാധരനടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

‘സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍…

എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള്‍ വേണ്ടേ, ആളെ കൂട്ടണ്ടേ അവര്‍. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും.
നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള്‍ കേറും,’ എന്നായിരുന്നു എം.എല്‍.എയുടെ പ്രസംഗം.

കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ വനിതാ പ്രവര്‍ത്തകയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാരിക്കേഡിന് മുകളില്‍ കയറുവാന്‍ സഹായിച്ചിരുന്നു. ഈ ചിത്രം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

അതേസമയം, ഇത്തരമൊരു പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വാക്കുകളില്‍ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാന്‍ സൂചിപ്പിച്ചത് എന്നായിരുന്നു കെ. ബാബുവിന്റെ പ്രതികരണം.