ലൂക്ക്, ജെയിംസ്, സുന്ദരം, ജോര്‍ജ് മാര്‍ട്ടിന്‍, മാത്യു ദേവസി, ഒടുവില്‍ കൊടുമണ്‍ പോറ്റിയും
Opinion
ലൂക്ക്, ജെയിംസ്, സുന്ദരം, ജോര്‍ജ് മാര്‍ട്ടിന്‍, മാത്യു ദേവസി, ഒടുവില്‍ കൊടുമണ്‍ പോറ്റിയും
ഡോ: നെല്‍സണ്‍ ജോസഫ്
Friday, 16th February 2024, 11:02 am

മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഏറ്റവും പുതിയ ഏതാനും സിനിമകള്‍ എടുത്താല്‍ അക്ഷരാര്‍ഥത്തില്‍ അന്തം വിട്ടുപോവും.

ഇത്രയധികം സിനിമകള്‍ അഭിനയിച്ചുകഴിഞ്ഞെങ്കിലും, ഇനി എന്തെങ്കിലും പുതുതായി കാണിച്ചുതരാനുണ്ടോ എന്ന് ഓരോ തവണ ആലോചിക്കുമ്പൊഴും അടുത്ത മൊമെന്റില്‍ ആ ചിന്ത അസ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കുന്ന കഥാപാത്രങ്ങള്‍.

ഓരോന്നും ഓരോ പുതിയ രീതിയില്‍ ഇതുവരെ കണ്ട മമ്മൂട്ടിയെ പുതുക്കിപ്പണിയുന്നു. വരച്ചിടുന്നു. കാതലിന്റെ ഇന്റര്‍വ്യൂകളില്‍ ഒന്നില്‍ സംവിധായകന്‍ ജിയോ ചേട്ടന്‍ പറഞ്ഞുകേട്ടിട്ടുണ്ട് അദ്ദേഹത്തെ വെച്ച് രണ്ടാമതൊരു ടേക്കിനു പോവുന്നതിനെക്കുറിച്ച്. ആദ്യത്തെ ടേക്കില്‍ എടുത്ത സംഭവമേ ആയിരിക്കില്ല അടുത്തതില്‍. ഏതാണ്ട് അതേപോലെയാണ്.

റോഷാക്കിലെ ലൂക്കും നന്‍പകല്‍ നേരത്തിലെ സുന്ദരവും ജയിംസും കണ്ണൂര്‍ സ്‌ക്വാഡിലെ ജോര്‍ജ് മാര്‍ട്ടിനുമെല്ലാം വ്യത്യസ്ത വ്യക്തികളാണ്.

നിരത്തിനിര്‍ത്തിയാല്‍ ഒരാളെപ്പോലെ ഏഴുപേരുണ്ടെന്ന് പറയുന്നത് ശരിയാണെന്ന് ആരെയും വിശ്വസിപ്പിക്കുന്നതുപോലെ വ്യത്യസ്ത വ്യക്തികള്‍ തന്നെയാണ് ശരീര ഭാഷയിലും പെരുമാറ്റത്തിലും എടുപ്പിലും നടപ്പിലുമെല്ലാം.

അവിടേക്ക് ഏറ്റവും പുതിയ കടന്നുവരവാണ് ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി. ആ മനയുടെ പടിപ്പുര കടന്ന് അകത്തേക്ക് കയറുന്ന അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തിനൊപ്പം ഉള്ളിലേക്ക് കടക്കുമ്പോള്‍ നമുക്കറിയാം അകത്ത് കാത്തിരിക്കുന്നത് ആരാണെന്ന്.

പിന്നെ മുന്നോട്ട് നീങ്ങുന്ന ഓരോ നിമിഷവും ഇതിനു മുന്‍പ് നമ്മള്‍ കണ്ട ഓരോ സിനിമകളും അറിയാതെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നുമുണ്ടാവും ഇത് മമ്മൂട്ടിയാണ് എന്ന്. അതിനെയെല്ലാം മായ്‌ച്ചെറിഞ്ഞുകളയുകയാണ് കൊടുമണ്‍ പോറ്റി. ചില സൂക്ഷ്മമായ പെരുമാറ്റങ്ങളിലൂടിപ്പോലും.

നിറങ്ങളുടെ പോലും സഹായമില്ലാതെ ശബ്ദവും വെളിച്ചവും കൊണ്ടും പിന്നെ അസാധ്യ ചില പകര്‍ന്നാടലുകള്‍ കൊണ്ടും കഥയ്ക്ക് ശേഷം പുറത്തെത്തുന്നത് വരെ ആ മനയ്ക്കുള്ളില്‍ തടവിലാവുന്നുണ്ട് കണ്ടിരിക്കുന്നവരും.

ചിത്രത്തില്‍, പ്രത്യേകിച്ച് രണ്ടാം പകുതിയിലെ ചില സീക്വന്‍സുകള്‍ എടുത്ത് പറയണം. തിയറ്ററില്‍ കണ്ടുതന്നെ അറിയണം.

ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം, അതും സ്ഥിരം കണ്ട് ശീലിച്ച ആസ്‌പെക്റ്റ് റേഷ്യോ പോലും മാറ്റിമറിച്ച ചിത്രം ഇങ്ങനെ ഒരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ചത് ഒരു പ്ലസന്റ് സര്‍പ്രൈസായി.

ഒപ്പം അഭിനയിച്ചവര്‍, സിദ്ധാര്‍ഥ് ഭരതനും അര്‍ജുന്‍ അശോകനും ഒരു പണത്തൂക്കം പോലും പിന്നില്‍ നില്‍ക്കുന്നുവെന്ന് പറയാനാവാത്തവിധം ടോപ് ക്ലാസ് പെര്‍ഫോമന്‍സായിരുന്നു.

പാണന്റെ പാട്ടുകളും സൗണ്ട് ട്രാക്കും സൗണ്ട് ഡിസൈനും കലാസംവിധാനവും അടക്കം എല്ലാം ഉന്നത നിലവാരം. വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളെക്കൊണ്ട് ലിമിറ്റഡ് സെറ്റിങ്ങില്‍ ഇങ്ങനെ ഒരു gem of a movie സമ്മാനിച്ച സംവിധായകനും എഴുത്തുകാര്‍ക്കും ഭ്രമയുഗത്തിന്റെ എല്ലാ സൃഷ്ടാക്കള്‍ക്കും A big thanks.

Content Highlight: Nelson Joseph writeup about Bramayugam Movie