നിതിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കസബ. മമ്മൂട്ടി നായകനായ സിനിമയില്‍ സമ്പത്ത് രാജ്, വരലക്ഷ്മി ശരത്കുമാര്‍, ജഗദീഷ് എന്നിവരായിരുന്നു അഭിനയിച്ചത്. അവര്‍ക്കൊപ്പം നേഹ സക്സേനയും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു.
മമ്മൂട്ടിയെ കുറിച്ചും കസബയില്‍ അഭിനയിക്കാനായി തന്നെ വിളിച്ചതിനെ കുറിച്ചും പറയുകയാണ് നേഹ. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഉത്തരേന്ത്യയിലെ ഉത്തരാഖണ്ഡ്കാരിയായ ഞാന്‍ ഒരു ഫോട്ടോഷൂട്ടിന് വേണ്ടി കേരളത്തില്‍ വന്നിരുന്നു. ഇരുപതോളം മോഡല്‍സും മമ്മൂട്ടിയുമായിരുന്നു അതില്‍ പങ്കെടുത്തത്. ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മമ്മൂട്ടി സാറിനെ എനിക്കറിയാമായിരുന്നു.
ഞാന്‍ ആ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിട്ട് ഒരു കാറില്‍ ഹോട്ടലിലേക്ക് പോകുമ്പോള്‍ മമ്മൂട്ടി സാറിന്റെ ഒരു വലിയ പരസ്യ ബോര്‍ഡ് വഴിയരികില്‍ കണ്ടു. അതുകണ്ടിട്ട് മമ്മൂട്ടി സാറിന്റെ ആ ഫോട്ടോയെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍ കാര്‍ ഡ്രൈവര്‍ ഉടനെ പ്രതികരിച്ചു. ‘ഇത് ഞങ്ങളുടെ മമ്മൂക്കയാണ്’ എന്നാണ് അയാള്‍ പറഞ്ഞത്.
എനിക്ക് മമ്മൂട്ടി സാറിന്റെ കൂടെ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന് അപ്പോള്‍ ആഗ്രഹം തോന്നുകയും ചെയ്തു. മമ്മൂട്ടി സാര്‍ ഭയങ്കര സ്‌റ്റൈലിഷാണല്ലോ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ മനസ് കൊതിച്ചത് അങ്ങനെയാണ്. ഞാന്‍ ആ സമയത്ത് കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.
അന്ന് ഫോട്ടോഷൂട്ടിന് ഞാന്‍ മമ്മൂട്ടി സാറിനെ കണ്ടപ്പോള്‍ ഒരു ഡിസ്റ്റന്‍സ് കീപ്പ് ചെയ്താണ് നിന്നത്. എന്തോ ഒരു ഭയം പോലെ തോന്നി. വലിയ ആര്‍ട്ടിസ്റ്റല്ലേ. അല്‍പ്പം കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാറിന്റെ മാനേജര്‍ എന്നെ വിളിച്ചു. മമ്മൂട്ടി സാറിനെ പരിചയപ്പെട്ടു, സംസാരിച്ചു.
അതെന്റെ വലിയ ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു. ഒരു പതിനഞ്ച് ദിവസം കഴിഞ്ഞു കാണും. കസബ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് കോള്‍ വന്നു. മമ്മൂട്ടി സാറിന്റെ പെയറായി അഭിനയിക്കാന്‍ വരുമോയെന്ന് മാനേജര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഓടി വരുമെന്നാണ് പറഞ്ഞത്,’ നേഹ സക്‌സേന പറഞ്ഞു.
Content Highlight: Neha Saxena Talks About Kasaba Movie And Mammootty