ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് മോദിയുടെ ധര്‍മ്മോപദേശമല്ലെന്നും മറിച്ച് ശാശ്വതമായ പരിഹാരമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
‘ധര്‍മ്മോപദേശം നടത്തുന്നത് വളരെ എളുപ്പമാണ്. രാജ്യത്തിന് പൊള്ളയായ പ്രസംഗങ്ങളല്ല, വ്യക്തമായ പരിഹാരങ്ങളാണ് വേണ്ടത്,” സുര്‍ജേവാല പറഞ്ഞു.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ 21 ദിവസത്തിനുള്ളില്‍ വൈറസിനെ പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തെന്നും എന്നാല്‍ രാജ്യം ലോകത്തിന്റെ ‘കൊറോണ തലസ്ഥാനമായി’ മാറിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണെങ്കില്‍ കൊവിഡിനെതിരായ യുദ്ധം 21 ദിവസമെടുക്കുമെന്നായിരുന്നു ലോക്ഡൗണ്‍ പ്രഖ്യപിച്ചുകൊണ്ട് മോദി നേരത്തെ പറഞ്ഞിരുന്നത്.
പാത്രങ്ങള്‍ കൊട്ടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമടക്കം ആദരമര്‍പ്പിക്കണമെന്ന മോദിയുടെ ആവശ്യത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
രാജ്യം കൊവിഡ് ഭീഷണിയിലൂടെ കടന്നുപോകുമ്പോള്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പോലും ലഭിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ ആവശ്യം.
തങ്ങള്‍ക്ക് വേണ്ടത് പാത്രം കൊട്ടിയുള്ള അഭിനന്ദനമല്ല, മറിച്ച് പി.പി.ഇ കിറ്റും സുരക്ഷയുമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ‘കൊവിഡ് എന്ന ഇരുട്ടിനെ’ അകറ്റുന്നതിനായി ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിക്ക് വീടിന് മുന്നില്‍ 9 മിനിറ്റ് ദീപം തെളിക്കണമെന്ന് ആവശ്യപ്പെട്ടും മോദി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.