Kerala News
ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവം; മുഖ്യ ആസൂത്രകനായ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 07, 04:57 pm
Monday, 7th January 2019, 10:27 pm

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ പൊലീസ് പിടിയില്‍. നെടുമങ്ങാട് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ ആണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷന് നേരെ ആക്രമണവും ബോംബേറും ആസൂത്രണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിവസം നാലു ബോംബുകളാണ് പൊലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. പൊലീസുകാരുള്‍പ്പെടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടു ബോംബുകള്‍ സി.പി.ഐ.എം മാര്‍ച്ചിനു നേരെയും എറിഞ്ഞിരുന്നു.

സ്റ്റേഷനുമുമ്പിലേക്ക് ബോംബെറിഞ്ഞത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും ആരോപിച്ചിരുന്നു.സംഭവത്തില്‍ സ്റ്റേഷന് നേരെ ബോംബേറിഞ്ഞ ആര്‍.എസ്.എസ് പ്രചാരക് പ്രവീണിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Also Read  ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാറിനെ നേരിടുന്നതില്‍ വീഴ്ച; കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണര്‍മാരെ മാറ്റി

നൂറനാട് സ്വദേശിയാണ് പ്രവീണ്‍. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. ഒരു വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ പ്രതിയാണ് പ്രവീണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തില്‍ പ്രവീണിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റു ചെയ്തിരുന്നില്ല.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് അടക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. നെടുമങ്ങാട് എസ്.ഐ ബാങ്കിലെത്തുകയും നിര്‍ബന്ധിച്ച് ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ച ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ എസ്.ഐ.യേയും പൊലീസിനെയും ആക്രമിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ ഇവരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത്.
DoolNews Video