ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുക. ചെന്നൈയുെ തട്ടകമായ എം. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
അതേസമയം ചെന്നൈ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പരിക്കേറ്റ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
കൈമുട്ടിനേറ്റ പരിക്ക് കാരണമാണ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോവുന്നത്. ഗെയ്ക്വാദിന്റെ അഭാവത്തില്‍ എം.എസ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ പോകുന്നതിന്റെ ആവേശവും ആരാധകര്‍ക്കുണ്ട്.
മാത്രമല്ല തിരിച്ചുവരുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ധോണിക്ക് സാധിക്കും. ഐ.പി.എല്‍ ചരിത്രത്തിലാദ്യമായാണ് ഒരു അണ്‍ ക്യാപ്ഡ് പ്ലെയര്‍ ടീമിനെ നയിക്കാന്‍ പോകുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ മാനേജ്‌മെന്റ് നാല് കോടി രൂപയ്ക്ക് ധോണിയെ അണ്‍ ക്യാപ്ഡ് പ്ലെയറായി നിലനിര്‍ത്തിയത്.
STAR SPORTS POSTER FOR CAPTAIN MS DHONI 🐐 pic.twitter.com/4zpCVuEYUS
— Johns. (@CricCrazyJohns) April 11, 2025
ചെന്നൈയുടെ ബാറ്റിങ് നിരയില്‍ പ്രധാന പങ്ക് വഹച്ചിരുന്ന ഗെയ്ക്വാദിന്റെ വിടവ് എങ്ങനെ നികത്തും എന്നതാണ് ചെന്നൈയെ സംബന്ധിച്ച് മറ്റൊരു വെല്ലുവിളി. നിലവില്‍ ചെന്നൈ ബാറ്റര്‍മാരില്‍ സ്ഥിരത നിലനിര്‍ത്തുന്ന താരങ്ങള്‍ വിരളമാണ്. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമനാണ് ഗെയ്ക്വാദ്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 24.40 ശരാശരിയില്‍ 122 റണ്‍സാണ് താരം നേടിയത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് ഗെയ്ക്വാദിന് പരിക്കേല്‍ക്കുന്നത്. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം കൂടിയായിരുന്ന തുഷാര്‍ ദേശ്പാണ്ഡേയുടെ ഡെലിവെറി താരത്തിന്റെ കയ്യിലടിച്ചുകൊള്ളുകയായിരുന്നു.
ഇതിന് ശേഷം താരം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയും പഞ്ചാബ് കിങ്സിനെതിരെയും കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്.
Content Highlight: IPL 2025: M.S Dhoni is the first Uncapped Captain in IPL history