Advertisement
Entertainment
ഇന്‍ഡസ്ട്രിയില്‍ അറ്റന്‍ഷന്‍ കിട്ടുന്ന കാര്യമാണ് മോഹന്‍ലാല്‍ സിനിമ ചെയ്യുക എന്നത്: തരുണ്‍മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 08:38 am
Friday, 11th April 2025, 2:08 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്. ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമയ്ക്കുണ്ട്.

ഇപ്പോള്‍ മോഹന്‍ലാലിനെ പോലെ ഒരു വലിയ സ്റ്റാറിനെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ ലഭിക്കുന്ന അറ്റന്‍ഷനെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

മോഹന്‍ലാല്‍ സിനിമയുടെ സംവിധായകന്‍ എന്ന് പറയുന്നത് ഇന്‍ഡസ്ട്രിയില്‍ ഏറെ ശ്രദ്ധ കിട്ടുന്ന ഒന്നാണെന്നും അവിടെ ആ വ്യക്തി ഇതിനു മുമ്പ് ഏത് സിനിമയാണ് ചെയ്തതെന്നോ അത് കഴിഞ്ഞ് ചെയ്യുന്ന സിനിമകളെ പറ്റിയോ അല്ല മോഹന്‍ലാല്‍ സിനിമ ചെയ്തു എന്നതിലാണ് പ്രാധാന്യമെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ എന്ന നടന്‍ സൃഷ്ടിച്ചിട്ടുള്ള ഓറ ആണ് അതെന്നും തരുണ്‍മൂര്‍ത്തി പറയുന്നു.

സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്‍ഡസ്ട്രിയില്‍ മോഹന്‍ലാല്‍ സിനിമ ചെയ്യുക എന്ന് പറയുന്നത് എല്ലാവരുടെയും അറ്റന്‍ഷന്‍ പെട്ടന്ന് കിട്ടുന്ന ഒരു കാര്യമാണ്. അതിന് മുമ്പ് അയാള്‍ എന്ത് ചെയ്തു എന്നോ അതിന് ശേഷം എന്ത് ചെയ്യുന്നു എന്നോ ഒന്നും അല്ല. നമ്മള്‍ എവിടെ പോയാലും ഒരു മോഹന്‍ലാല്‍ സിനിമയുടെ ഡയറക്ടര്‍ എന്ന് പറയുമ്പോള്‍ ഉള്ള ഒരു വെയ്റ്റ് ഉണ്ട്. അത് അദ്ദേഹം ഉണ്ടാക്കി വച്ചിട്ടുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ വല്ലാത്തൊരു ഓറ നമ്മളിലേക്കും വരും,’ തരുണ്‍മൂര്‍ത്തി പറയുന്നു.

Content Highlight: Tharun moorthy about Mohanlal