കോഹ്‌ലിയെ മടക്കിയയച്ച് ബി.സി.സി.ഐ; ലോകകപ്പിനായി ഒരു പുതിയ തന്ത്രം
Sports
കോഹ്‌ലിയെ മടക്കിയയച്ച് ബി.സി.സി.ഐ; ലോകകപ്പിനായി ഒരു പുതിയ തന്ത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd October 2022, 9:40 pm

തിരിച്ചുവരവിന്റെ ആവേശത്തില്‍ ആറാടുകയാണ് കിങ് കോഹ്‌ലി. ഏഷ്യാ കപ്പില്‍ തുടങ്ങിയ തേരോട്ടം ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലും ആവര്‍ത്തിച്ച കോഹ്‌ലി പക്ഷെ, ഒരു ചെറു ഇടവേളയിലേക്ക് കടക്കുകയാണ്.

ദക്ഷിണാഫ്രിക്കയുമായുള്ള അവസാന മത്സരത്തില്‍ നിന്നും വിരാടിനെ ഒഴിവാക്കിയിരിക്കുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് വേണ്ടിയാണ് താരത്തിന് ഇപ്പോള്‍ വിശ്രമം അനുവദിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഗുവാഹത്തിയില്‍ നിന്നും കോഹ്‌ലി മുംബൈയിലേക്ക് തിരിച്ചുപോയി.

ദക്ഷിണാഫ്രിക്കയുമായുള്ള അവസാന മത്സരത്തിന് ശേഷം മുംബൈയില്‍ നിന്നും ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പോകും. ആ ടീമിനൊപ്പമായിരിക്കും കോഹ്‌ലി ഇനി ജോയിന്‍ ചെയ്യുക. കോഹ് ലിക്ക് പകരം ശ്രേയസ് അയ്യരായിരിക്കും ഇറങ്ങുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യ കപ്പില്‍ തുടങ്ങിയ റണ്‍വേട്ട കണ്‍സിസ്റ്റന്‍സിയോടെ തുടരുന്ന കോഹ്‌ലി പത്ത് മാച്ചുകളില്‍ നിന്നായി, മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 404 റണ്‍സ് നേടിക്കഴിഞ്ഞു. 141.75 ആണ് നിലവില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം മത്സരത്തില്‍ കോഹ്‌ലി 28 പന്തില്‍ നിന്നും 49 റണ്‍സുമായാണ് പുറത്താകാതെ നിന്നത്. അര്‍ധ സെഞ്ച്വറി തികക്കാനുള്ള അവസരം വിരാടിന് ഉണ്ടായിരുന്നിട്ടും, ദിനേഷ് കാര്‍ത്തിക് അത് വെച്ച് നീട്ടിയിട്ടും വിരാട് നിരസിക്കുകയായിരുന്നു.

സ്ട്രൈക്ക് കൈമാറാനൊരുങ്ങിയ ദിനേഷ് കാര്‍ത്തിക്കിനോട് വിരാട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത നേട്ടമല്ല ടീമിന്റെ നേട്ടമാണ് തനിക്ക് ഏറെ പ്രധാനമെന്ന് വിരാട് ഒരിക്കല്‍ക്കൂടി തെളിയിച്ച മൊമെന്റായിരുന്നു അത്.

വ്യക്തിഗത നേട്ടത്തിന് മാത്രമായി സെല്‍ഫിഷ് ഇന്നിങ്സ് കളിക്കുന്ന പല താരങ്ങളും കണ്ടുപഠിക്കേണ്ട പ്രവര്‍ത്തിയാണ് വിരാട് കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്.

താരത്തിന്റെ ഈ സെല്‍ഫ് ലെസ് മനോഭാവത്തിന്റെ വീഡിയോ ബി.സി.സി.ഐയും പങ്കുവെച്ചിട്ടുണ്ട്. റണ്ണൊഴുക്കിനിടയിലെ ഏറെ പ്രത്യേകതയുള്ള നിമിഷം എന്ന ക്യാപ്ഷനോടെയാണ് ബി.സി.സി.ഐ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഞായറാഴ്ച നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് സൗത്ത് ആഫ്രിക്കയെ ഇന്ത്യ ടി-20 പരമ്പരയില്‍ പരാജയപ്പെടുത്തുന്നത്.

16 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 96 റണ്‍സാണ് പിറന്നത്. 37 പന്തില്‍ നിന്നും 43 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്.

മികച്ച പ്രകടനം കാഴ്ചവെച്ച് രാഹുലും പുറത്തായി. 28 പന്തില്‍ നിന്നും 57 റണ്‍സുമായാണ് താരം പുറത്തായത്. നാലാമനായി ഇറങ്ങിയ സൂര്യകുമാറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 22 പന്തില്‍ നിന്നും 61 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഫിനിഷറുടെ റോളില്‍ ഇറങ്ങിയ ദിനേഷ് കാര്‍ത്തിക്കും മോശമാക്കിയില്ല. ഏഴ് പന്തില്‍ നിന്നും 17 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 20 ഓവറില്‍ 237 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ബാവുമയും റിലി റൂസോയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ഡി കോക്കും മില്ലറും കത്തിക്കയറി.

48 പന്തില്‍ നിന്നും 69 റണ്‍സുമായി ഡി കോക്ക് പുറത്തായപ്പോള്‍ കേവലം 47 പന്തില്‍ നിന്നും 106 റണ്‍സുമായി കില്ലര്‍ മില്ലര്‍ പുറത്താകാതെ നിന്നു. 19 പന്തില്‍ നിന്നും 33 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രമും മികച്ച പിന്തുണയാണ് നല്‍കിയത്. എങ്കിലും വിജയിക്കാന്‍ ഇതൊന്നും പോരാതെ വരികയായിരുന്നു.

ഒക്ടോബര്‍ നാലിനാണ് അടുത്ത മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയമാണ് വേദി. പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ മുഖം രക്ഷിക്കാനാവും സൗത്ത് ആഫ്രിക്ക ഇറങ്ങുന്നത്.

Content Highlight: NDTV reports that Virat Kohli Rested For Final T20 Against South Africa