ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതില്‍ എന്‍.ഡി.എ സഖ്യം അങ്കലാപ്പിലാണെന്നും ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് മുന്നണി വിപുലീകരണത്തിന് മാര്‍ഗം തിരയുകയാണെന്നും റിപ്പോര്‍ട്ട്.
പ്രതിപക്ഷ കക്ഷികള്‍ ഈ മാസം 23ന് ചേരാനിരിക്കെയാണ് എന്‍.ഡി.എ.യുടെ തിരക്കിട്ട നീക്കങ്ങള്‍. എന്‍.ഡി.എയില്‍ നിന്നകന്ന ചില കക്ഷികളെ വീണ്ടും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബിലെ ശിരോമണി അകാലിദള്‍, മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ്, ആന്ധ്രാപ്രദേശിലെ ടി.ഡി.പി, കര്‍ണാടകയിലെ ജെ.ഡി.യു തുടങ്ങിയ സഖ്യകക്ഷികളെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. കര്‍ണാടകത്തില്‍ ജെ.ഡി.എസുമായി സഖ്യ സാധ്യത പരിശോധിക്കുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
പാര്‍ട്ടികളെ എന്‍.ഡി.എയില്‍ എത്തിക്കാനായില്ലെങ്കില്‍ പ്രമുഖരെ അടര്‍ത്തിയെടുത്ത് പിളര്‍പ്പിന് ശ്രമിക്കും. അടുത്തിടെ ദല്‍ഹിയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ എന്‍.ഡി.എ സഖ്യം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
പ്രാദേശിക പാര്‍ട്ടികളുമായി ബന്ധം സ്ഥാപിച്ച് അവരെ കൂടി ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വലിയ കക്ഷികളോടൊപ്പം സഖ്യം ചേരുകയും പിന്നീട് വലിയ പാര്‍ട്ടിയാകുന്നതോടെ സഖ്യകക്ഷികളെ അവഗണിക്കുന്നുവെന്നും ബി.ജെ.പിക്കെതിരെ ആരോപണമുണ്ട്.
പ്രാദേശിക പാര്‍ട്ടികളുടെ ഈ പേടി മാറ്റിയെടുത്ത് വേണം സഖ്യത്തിന്റെ പുനരുജ്ജീവനം സാധ്യമാക്കേണ്ടതെന്നുമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കാര്‍ഷിക നിയമത്തിന്റെ പേരില്‍ എന്‍.ഡി.എ വിട്ട ശിരോമണി അകാലിദളിനെ മുന്നണിയില്‍ തിരിച്ചെത്തിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായുള്ള ചര്‍ച്ചകളും ആരംഭിച്ചു.
കര്‍ണാകടകയിലെ ജെ.ഡി.എസിനേയും ഉടനെ എന്‍.ഡി.എയിലേക്ക് കൊണ്ടുവരും. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നല്‍കുന്ന ജെ.ഡി.യുവിനെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാന്‍ ആയില്ലെങ്കില്‍ പിളര്‍ത്താനാകുമോയെന്നും ശ്രമിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.