'ഞാനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെ'; ജോസഫിന് മറുപടി നല്‍കി മാണി സി. കാപ്പന്‍
Kerala News
'ഞാനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെ'; ജോസഫിന് മറുപടി നല്‍കി മാണി സി. കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 7:36 pm

കോട്ടയം: ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറിയിച്ച് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പി. ജെ ജോസഫിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെയാണെന്നും കാപ്പന്‍ വ്യക്തമാക്കി. പി.ജെ കുടുംബ സുഹൃത്താണെന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനെ സംബന്ധിച്ച് അറിയില്ലെന്നും കാപ്പന്‍ പ്രതികരിച്ചു.

പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി തന്നെ കാപ്പന് പാലായില്‍ മത്സരിക്കാമെന്നുമായിരുന്നു പി.ജെ ജോസഫ് പറഞ്ഞത്. കേരള കോണ്‍ഗ്രസിന്റെ സീറ്റ് മാണി.സി കാപ്പന് വിട്ടുനല്‍കുമെന്നും പി.ജെ ജോസഫ് ആവര്‍ത്തിച്ചു.

അവസാനനിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫ്.തിരിച്ചുപിടിക്കും. യു.ഡി.എഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണമെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.

അതേസമയം പി.ജെ ജോസഫിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.പീതാംബരന്‍ പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പി.ജെ.ജോസഫ് വിഭാഗത്തിന് പാലായില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. ജോസ്.കെ.മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫ് പ്രവേശനം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മാണി.സി.കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അവകാശവാദവുമായി പി.ജെ.ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

നേരത്ത ജോസ്.കെ മാണി ഇടതുപക്ഷ പ്രവേശനത്തിന്റെ സമയത്ത് പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്നും പാലാ ചങ്കാണെന്നുമായിരുന്നു മാണി.സി കാപ്പന്‍ പറഞ്ഞത്.

ജോസ്.കെ മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിന് പിന്നാലെ എന്‍.സി.പിക്ക് പാലാ സീറ്റ് വിട്ടു നല്‍കേണ്ടി വരുമോ, സീറ്റുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായാല്‍ ഇടതുപക്ഷത്തിന്റെ അടിയുറച്ച ഘടകകക്ഷികളിലൊന്നായ എന്‍.സി.പി എല്‍.ഡി.എഫ് വിടുമോ എന്ന തരത്തിലും ചര്‍ച്ചകള്‍ നീണ്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP leader Mani C Kappan reply to P J Joseph and says he is with left