'ദി കേരള സ്‌റ്റോറി' കെട്ടുക്കഥയാണ് പ്രചരിപ്പിക്കുന്നത്; നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണം: എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാഡ
national news
'ദി കേരള സ്‌റ്റോറി' കെട്ടുക്കഥയാണ് പ്രചരിപ്പിക്കുന്നത്; നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണം: എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 5:11 pm

താനെ: ‘ദി കേരള സ്‌റ്റോറി’യുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര അവാഡ്. കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുക മാത്രമല്ല ചെയ്തത് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുക കൂടിയാണെന്ന് സിനിമ ചെയ്തതെന്ന ജിതേന്ദ്ര പറഞ്ഞു.

കേരളത്തിലെ 32,000 സ്ത്രീകളെ കാണാതായെന്നും അവര്‍ പിന്നീട് ഭീകരവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്നെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് മൂന്നാണെന്ന് ജിതേന്ദ്ര വിമര്‍ശിച്ചു. സിനിമ കെട്ടുക്കഥയാണ് പ്രചരിപ്പിക്കുന്നതെന്നും നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്നും ജിതേന്ദ്ര പറഞ്ഞു.

കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ജിതേന്ദ്രയുടെ പ്രതികരണം. കഴിഞ്ഞ
ദിവസം ദി കേരള സ്റ്റോറി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സംഘപരിവാര്‍ പ്രോപഗണ്ട പ്രചരിപ്പിക്കുന്ന ചിത്രത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിരോധിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരുന്നു. ചിത്രത്തിന് ലഭിച്ച മോശം പ്രതികരണവും ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെച്ചത്.

അതേസമയം, ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം തടയാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് പി.എസ് നരിമാനും അടങ്ങുന്ന ബെഞ്ചിന് മുന്‍പാകെ കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളുമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Contenthighlight: NCP Leader jithendra said that kerala story producer hanged in public