മേയര്‍ തെരഞ്ഞെടുപ്പിലും ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി; കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തും
national news
മേയര്‍ തെരഞ്ഞെടുപ്പിലും ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി; കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 8:35 pm

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ്-ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വരാനിരിക്കുന്ന മുംബൈ മേയര്‍ തെരഞ്ഞെടുപ്പിലും ശിവസേനയെ പിന്തുണക്കുമെന്ന് എന്‍.സി.പി. നവംബര്‍ 22 നാണ് മുംബൈ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശിവസേന ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ പിന്തുണക്കുമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ശിവസേന ബി.ജെ.പിയുമായുള്ള എല്ലാ സഖ്യവും ഉപേക്ഷിച്ചു. അവര്‍ എന്‍.ഡി.എക്ക് പുറത്താണ്. ഞങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. മേയര്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരെ പിന്തുണക്കും. ഞങ്ങള്‍ അത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തും.’ നവാബ് മാലിക് പറഞ്ഞു.

എന്‍.ഡി.എയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ശിവസേന വിട്ടു നിന്നതിന് പിന്നാലെയാണ് നവാബ് മാലികിന്റെ പ്രസ്താവന.

സഖ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശരിയായ തലത്തില്‍ നടക്കുകയാണെന്ന് നേരത്തെ എന്‍.സി.പി നേതാവ് ശരദ് പവാര്‍ അറിയിച്ചിരുന്നു. കുറച്ച് സമയം എടുക്കുമെന്നും എന്നാല്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നുമായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന.

നേരത്തെ ബി.ജെ.പിയുടെ പിന്തുണയോടെയായിരുന്നു ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചത്. ഇപ്പോള്‍ സാഹചര്യം വിപരീതമാണ്. മുംബൈ കോര്‍പ്പറേഷനില്‍ 227 അംഗങ്ങളാണുള്ളത്. ശിവസേനക്ക് 94 അംഗങ്ങളും ബി.ജെ.പിക്ക് 83 പേരുമാണുള്ളത്. മേയര്‍ സ്ഥാനത്തിനായി ബി.ജെ.പി ശിവസേനയെ പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസിന് 29 അംഗങ്ങളും എന്‍.സി.പിയുടെ 8 പേരുമാണ് മുംബൈ കോര്‍പ്പേറേഷനില്‍. 1997 മുതല്‍ ശിവസേനയില്‍ നിന്നാണ് മുംബൈ മേയര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ