Entertainment news
നസ്രിയയുടെ മടങ്ങി വരവ് ആഘോഷമാക്കാന്‍ ആരാധകര്‍: 'അണ്ടേ സുന്ദരാനികി' ട്രയ്‌ലര്‍ റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 02, 02:52 pm
Thursday, 2nd June 2022, 8:22 pm

തെലുങ്ക് സൂപ്പര്‍ താരം നാനിയുടെ ഏറ്റവും പുതിയ ചിത്രം അണ്ടേ സുന്ദരാനികിയുടെ ട്രയ്‌ലര്‍ റിലീസ് ചെയ്തു.

ഒരിടവേളക്ക് ശേഷം നസ്രിയ നായികയാവുന്ന ചിത്രം കൂടിയാണ് ‘അണ്ടേ സുന്ദരാനികി’. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. 2020 ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകനിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്.

നേരത്തെ പുറത്ത് വന്ന അണ്ടേ സുന്ദരാനികിയുടെ ടീസറും പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ‘അണ്ടേ സുന്ദരാനികി’യുടെ പ്രമേയം.

ട്രയ്‌ലറിന് വന്‍ സ്വികാര്യതയാണ് സാമുഹിക മാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.


തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

Content Highlight : Nazriya nazim and Nani starring Ante Sundaraniki trailer released