Movie Day
'അധികാര വ്യവസ്ഥയില്‍ ബലിയാടുകളായവര്‍'; ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസത്തെ കണ്ടിരിക്കേണ്ട അഞ്ചു ചിത്രങ്ങളില്‍ നായാട്ടും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 31, 01:42 pm
Saturday, 31st July 2021, 7:12 pm

അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളില്‍ മലയാള ചിത്രം നായാട്ടും. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് സിനിമകളിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടും ഉള്‍പ്പെട്ടിരിക്കുന്നത്.

അലാ എഡ്ഡിന്‍ അല്‍ജെം സംവിധാനം ചെയ്ത ദ അണ്‍നോണ്‍ സൈന്റ, മാഗ്നസ് വോണ്‍ ഹോണിന്റെ സ്വെറ്റ്, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, മരിയോ ബാസ്‌റ്റോസിന്റെ എയര്‍ കണ്ടീഷണര്‍, മരിയാ പാസ് ഗോണ്‍സാല്‍വസ് എന്നിവയാണ് ഈ മാസം കാണുന്നതിനായി ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ചിരിക്കുന്ന ചിത്രങ്ങള്‍.

കേരളത്തിലെ പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും കപട ലോകത്തെ കുഴപ്പം പിടിച്ച സാഹചര്യങ്ങളാണ് ചിത്രം പറയുന്നതെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നു.

ഒരു ആക്‌സിഡന്റ് കേസില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരാകുന്നു. മരിച്ചത് ഒരു ദളിത് യുവാവ് ആണ്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രദേശമായതിനാല്‍ വിഷയം കൂടുതല്‍ ഗൗരവമുള്ളതാകുന്നു.

തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞ് പൊലീസ് അന്വേഷണ സംഘം എത്തുന്നതും അധികാര വ്യവസ്ഥയിലെ ബലിയാടുകളായി പൊലീസ് ഉദ്യോഗസ്ഥര്‍ മാറുന്നതുമാണ് ചിത്രമെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്.

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായതിന് പിന്നാലെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Nayattu in 5 movies selected by The New York times in this month