ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായുഉള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കഴിഞ്ഞ ദിവസത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്കായി റിഷബ് പന്ത് 32 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. നാല് വീതം ഫോറുകളും സിക്സുകളുമാണ് പന്ത് നേടിയത്. ഹര്‍ദിക് പാണ്ഡ്യ 23 പന്തില്‍ പുറത്താവാതെ 40 റണ്‍സും നേടി നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ നിരയിലെ അര്‍ഷദീപ് സിങ്ങിന്റെയും ജസ്പ്രീത് ബുംറയുടെയും പ്രകടങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ.
‘ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും മികച്ച സ്വിങ്ങിലാണ് ബംഗ്ലാദേശിനെതിരെ പന്തെറിഞ്ഞത്. മത്സരത്തിന്റെ പവര്‍ പ്ലേ ഓവറുകളില്‍ ഇരുവരും അപകടകാരികളായി മാറും. ടി-20 ലോകകപ്പില്‍ ബുംറയെയും അര്‍ഷദീപിനെയും നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലോകകപ്പില്‍ ടീം ഇന്ത്യയുടെ ബൗളിങ് മികച്ചതായാണ് കാണപ്പെടുന്നത്,’ നയന്‍ മോംഗിയ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
ബംഗ്ലാദേശിനെതിരെ അര്‍ഷദീപ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് ഓവറില്‍ 12 റണ്‍സ് വിട്ടുനല്‍കിയാണ് താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബുംറ രണ്ട് ഓവറില്‍ 12 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റും നേടി.