2024 ഐ.പി.എല് സീസണില് രാജസ്ഥാന് റോയല്സിന് ആദ്യ തോല്വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില് ഗുജറാത്ത് ടൈറ്റന്സ് മൂന്ന് വിക്കറ്റുകള്ക്കാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തില് ടോസ് നേടിയ ഗുജറാത്ത് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 196 റണ്സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടക്കുകയായിരുന്നു.
ഗുജറാത്തിന്റെ ബാറ്റിങ്ങില്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ 44 പന്തില്‍ 72 നേടി മിന്നും പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും രണ്ട് സിക്‌സും ആണ് ഗില്‍ നേടിയത്. ഗില്ലിനു പുറമേ സായ് സുദര്‍ശന്‍ 29 പന്തില്‍ 35 റണ്‍സും രാഹുല്‍ തിവാട്ടിയ 11 പന്തില്‍ 22 റണ്‍സും നേടി നിര്‍ണായകമായി.
എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ആയിരുന്നു ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 11 പന്തില്‍ പുറത്താവാതെ നാല് ഫോറുകള്‍ ഉള്‍പ്പെടെ 218.18 സ്‌ട്രൈക്ക് റേറ്റില്‍ 24 റണ്‍സ് നേടിക്കൊണ്ടായിരുന്നു റാഷിദ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്.
ഇപ്പോഴിതാ ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരത്തെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. ഗില്‍, റാഷിദ്, തിവാട്ടിയ എന്നിവരുടെ പേരല്ലായിരുന്നു നവജ്യോത് പറഞ്ഞത്.
മത്സരത്തില്‍ ഇമ്പാക്ട് പ്ലെയര്‍ ആയി വന്ന ഷാരൂഖ് ഖാന്‍ ആണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായതെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്.
‘ഗില്‍ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ അവന്റെ ഇന്നിങ്‌സിന് വിജയത്തില്‍ ഒരു പങ്കുമില്ല. അവസാന അഞ്ചു ഓവറില്‍ 75 റണ്‍സ് ആയിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആ സമയങ്ങളില്‍ ഷാരൂഖ് ഖാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. അവന്‍ ആ സമ്മര്‍ദഘട്ടത്തില്‍ നേരിട്ട നാലാം പന്തില്‍ തന്നെ സിക്‌സര്‍ പറത്തി. ഇതിലൂടെ ഷാരുഖ് ഖാന്റെ ധൈര്യവും കഴിവും ആണ് കാണാന്‍ സാധിക്കുന്നത്. മത്സരത്തില്‍ ഗുജറാത്ത് ജയിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചത് അവനാണ്,’ നവജ്യോത് സിങ് സിന്ധു പറഞ്ഞു.
എട്ട് പന്തില്‍ നിന്നും ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 14 റണ്‍സ് ആയിരുന്നു ഷാരുഖ് ഖാന്‍ നേടിയത്. 175 സ്‌ട്രൈക്ക് റൈറ്റില്‍ ബാറ്റ് വീശിയ താരം ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്.
ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയും ആയി ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. ഏപ്രില്‍ 17 ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ഗില്ലിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.